വണ്ടിപ്പെരിയാര്‍ വള്ളക്കടവിലെ സൗരോര്‍ജ വേലി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍
വണ്ടിപ്പെരിയാര്‍ വള്ളക്കടവിലെ സൗരോര്‍ജ വേലി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന സൗരോര്‍ജ വേലി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തി. അമ്പലപ്പടിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വള്ളക്കടവ് ജമാഅത്ത് ഇമാം എ അബ്ദുള്‍സലാം മൗലവി ഉദ്ഘാടനം ചെയ്തു.
വള്ളക്കടവില്‍ വന്യജീവി ശല്യം വര്‍ധിച്ചതോടെയാണ് വനം, കൃഷി വകുപ്പുകള്‍ചേര്‍ന്ന് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിപ്രകാരം അനുവദിച്ച 39 ലക്ഷം രൂപ ചെലവഴിച്ച് 4.6 കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ വേലി സ്ഥാപിച്ചത്. നിര്‍മാണവേളയിലും സാമൂഹിക വിരുദ്ധര്‍ വേലി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വേലി പൂര്‍ണമായി സ്ഥാപിച്ചശേഷമാണ് വീണ്ടും നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. തുടര്‍ന്ന് വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായര്‍ വണ്ടിപ്പെരിയാര്‍ പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ വേലി സ്ഥാപിച്ച സ്ഥലം കുമളി പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ അന്വേഷണം വൈകുന്നു. സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സമാപന യോഗത്തില്‍ പഞ്ചായത്തംഗം ഷീല കുളത്തിങ്കല്‍ അധ്യക്ഷയായി. അഴുത ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി എം നൗഷാദ് ഉദ്ഘാടനം ചെയ്തു. പിടിസിഎഫ് എക്‌സിക്യുട്ടീവ് അംഗം ഷാജി കുരിശുംമൂട്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മ്മാക്കല്‍, എ വി മാത്യു, ബിജോയി തോമസ്, എ ഡി രാധാകൃഷ്ണന്‍, ഇഡിസി ചെയര്‍മാന്‍മാരായ എം മുഹമ്മദ്, എ വി വര്‍ഗീസ്, ബോബി കെ ഉലഹന്നാന്‍, മുരളി നടുവത്തുശേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






