ആലുവ-മൂന്നാര്‍ രാജപാത  തുറക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്ത് 

 ആലുവ-മൂന്നാര്‍ രാജപാത  തുറക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്ത് 

Mar 31, 2025 - 15:08
 0
 ആലുവ-മൂന്നാര്‍ രാജപാത  തുറക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്ത് 
This is the title of the web page

ഇടുക്കി: ആലുവ-മൂന്നാര്‍ രാജപാത സഞ്ചാരത്തിനായി തുറന്ന് നല്‍കണമെന്നാവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. നിലവില്‍ വനംവകുപ്പ് അധീനതയിലുള്ള ഈ പാതയിലൂടെ യാത്ര അനുവദനീയമല്ല. ജില്ലയുടെ വിനോദ സഞ്ചാരമേഖലകള്‍ക്കും മാങ്കുളമടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വര്‍ധനവിനും സഹായകരമാകുന്ന റോഡിന്റെ നവീകരണം സാധ്യമാക്കി ഗതാഗതത്തിനായി തുറന്നു നല്‍കണമെന്നാണ് ആവശ്യം. 1924ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് രാജ പാതയിലൂടെയുള്ള യാത്ര തടസപ്പെട്ടത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കരിന്തിരിമലയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുകയും റോഡിന്റെ ചില ഭാഗങ്ങള്‍ യാത്രായോഗ്യമല്ലാത്ത വിധം തകരുകയും ചെയ്തു. പ്രളയാനന്തരം അടിമാലി വഴി ആലുവയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ട് കാലക്രമേണ വനംവകുപ്പിന്റെ അധീനതയിലായി. എന്നാല്‍ പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ വനംവകുപ്പിന് യാതൊരു അധികാരവുമില്ലെന്ന് റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനായി വാദിക്കുന്നവര്‍ പറയുന്നു. റോഡ് തുറന്നാല്‍ യാത്രാ സൗകര്യം വര്‍ധിക്കുന്നതോടൊപ്പം ടൂറിസം, കാര്‍ഷിക, വാണിജ്യ മേഖലകളിലും പുരോഗതിക്കു കാരണമാകുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കോതമംഗലത്ത് നിന്ന് അടിമാലി വഴി മൂന്നാറിലേക്ക് ഇപ്പോള്‍ ഉപയോഗിക്കുന്ന റോഡിന്റെ ദൂരം 80 കീലോമീറ്ററാണ്. എന്നാല്‍ പഴയ ആലുവ മൂന്നാര്‍ പാതയിലൂടെ 60 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. 20 കിലോമീറ്റര്‍ ദൂരം യാത്രക്കായി ലാഭിക്കാം. കുട്ടമ്പുഴ, പൂയംകുട്ടി, കുറത്തി, പെരുമ്പന്‍കുത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റോഡ് മൂന്നാറിലെത്തുന്നത്. പൂയംകുട്ടിയില്‍ നിന്ന് പെരുമ്പന്‍കുത്ത് വരെയുള്ള 27 കിലോമീറ്റര്‍ റോഡാണ് വനമേഖലയിലൂടെ കടന്നുപോകുന്നത്. നിലവില്‍ പെരുമ്പന്‍കുത്തില്‍ നിന്നും കുറത്തിയിലേക്കുള്ള റോഡ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണജോലികളുമായി ബന്ധപ്പെട്ട് നവീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ തടസവാദങ്ങള്‍ നീങ്ങുകയും സഞ്ചാരസ്വാതന്ത്രം അനുവദിക്കപ്പെടുകയും ചെയ്താല്‍ രാജപാത ഇടുക്കിയുടെ വികസനത്തിന് പഴമപേറുന്ന പുതുവഴിയാകും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നാണ് റോഡിനായി വാദിക്കുന്നവരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow