സ്വകാര്യ ബസില്‍ വയോധികയ്ക്ക് യാത്ര നിഷേധിച്ചതായി പരാതി
സ്വകാര്യ ബസില്‍ വയോധികയ്ക്ക് യാത്ര നിഷേധിച്ചതായി പരാതി

ഇടുക്കി: സ്വകാര്യ ബസില്‍ രോഗിയായ വയോധികയ്ക്ക് യാത്ര നിഷേധിച്ചതായി പരാതി. മുനിയറ വലിയകുന്നേല്‍ മേരിക്കാണ് പ്രതിസന്ധി നേരിട്ടത്. സ്വകാര്യബസ് ആദ്യം നിര്‍ത്തിയ ശേഷം മേരി ബാഗ് എടുക്കുന്നതിനായി പിന്നോട്ട് തിരിഞ്ഞപ്പോള്‍ വാഹനം മുമ്പോട്ട് എടുക്കുകയായിരുന്നു. കട്ടപ്പന- ഈട്ടിത്തോപ്പ് - മേലേചിന്നാര്‍- മുനിയറ വഴി അടിമാലിക്ക് പോകുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ഇത്തരത്തില്‍ ഇടപെട്ടത്. മണിക്കൂറുകള്‍ക്കുശേഷമാണ് പിന്നീട് അതേ റൂട്ടില്‍ ബസ് ഉള്ളത്. സംഭവത്തില്‍ ഇവര്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. രണ്ടുവര്‍ഷം മുമ്പാണ് മേരിയ്ക്ക് സ്ട്രോക്ക് വന്നത്. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചെയ്തുവരികയാണ്. ഇതിനായി കട്ടപ്പനയിലെ മകളുടെ വീട്ടിലേക്ക് വരാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. വാര്‍ധക്യം ഏറിയ ആളുകളോട് സമൂഹത്തിലെ ചിലര്‍ കാണിക്കുന്ന ഇത്തരത്തിലെ മനോഭാവത്തിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്തുവന്നത്. ഇനിയൊരു വയോധികര്‍ക്കും ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകരുതെന്നാണ് പരാതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മേരിയുടെ കുടുംബം പറയുന്നു. കട്ടപ്പന പൊലീസില്‍ നല്‍കിയ പരാതി വെള്ളത്തൂവല്‍ പൊലീസിന് കൈമാറും.
What's Your Reaction?






