വേനൽ മഴ: കാഞ്ചിയാറിൽ കൃഷിനാശം
വേനൽ മഴ കാഞ്ചിയാറിൽ കൃഷിനാശം

ഇടുക്കി : വേനൽ മഴയിൽ കാഞ്ചിയാറിൽ വൻ കൃഷിനാശം. നാല് സുഹൃത്തുക്കൾ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ ഒന്നേകാൽ ഏക്കർ സ്ഥലത്തെ ഏത്തവാഴകൃഷി വ്യാപകമായി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ഒന്നേകാൽ ഏക്കറിലെ 450ലധികം വാഴകൾ ഒടിഞ്ഞുവീണു.ജോർജുകുട്ടി കുരിശിങ്കൽ, മാത്യു ചൂരക്കുഴിയിൽ , സണ്ണി നെല്ലുപടവിൽ, മോനച്ചൻ കാഞ്ഞിരത്തിങ്കൽ എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്. പാട്ടത്തിനെടുത്ത ഭൂമിയിൽ 2024 മാർച്ചിൽ ആണ് ഇവർ കൃഷി ഇറക്കിയത്. മെയ് മാസം ആദ്യവാരം വിളവെടുക്കാൻ ഇരിക്കെയാണ് കൃഷിനാശം.വിപണിയിൽ കിലോയ്ക്ക് 50- 55 രൂപയാണ് ഏത്തപ്പഴത്തിന് വില ലഭിക്കുന്നത്.എന്നാൽ
ലക്ഷങ്ങൾ മുടക്കി ഇറക്കിയ കൃഷിയിൽ ഒരാളുടെ പണിക്കൂലി പോലും ഇവർക്ക് ലഭിക്കുകയില്ല. വ്യാഴം മുതലുള്ള വേനൽ മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റാണ് പ്രതികൂലമായത്. വേനൽ മഴ കണക്കിലെടുത്ത് മുമ്പ് പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് വാഴകൾക്ക് താങ് ഒരുക്കിയിരുന്നു. എന്നാൽ മേഖലയിൽ അനുഭവപ്പെട്ട ശക്തമായ കാറ്റ് പൂർണ്ണനാശം വിതച്ചു. വ്യാപക കൃഷി നാശം ഉണ്ടായ സ്ഥലത്തിന് സമീപത്തുള്ള കൃഷിയിടങ്ങളിലും കാറ്റ് ബാധിച്ചിട്ടുണ്ട്. കൃഷിനാശം ഉണ്ടായ ഭൂമിയിൽ തിങ്കളാഴ്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തും .
What's Your Reaction?






