സിപിഐ എമ്മിന്റെ അമരത്തേയ്ക്ക് എം എ ബേബി: കേരളത്തില്‍നിന്ന് ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളി
സിപിഐ എമ്മിന്റെ അമരത്തേയ്ക്ക് എം എ ബേബി: കേരളത്തില്‍നിന്ന് ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളി

ഇടുക്കി: സിപിഐ എം ജനറല്‍ സെക്രട്ടറിയായി എം എ ബേബി എത്തും. ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. എസ്എഫ്ഐ രൂപീകൃതമാകുംമുമ്പ് കെഎസ്എഫിലൂടെയാണ് ബേബി രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. 1975ല്‍ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി. 1977-ല്‍ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയിലെത്തി. 1978ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1983ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും 1987ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റുമായി. 1984ല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായി. 1989ല്‍ കേന്ദ്രകമ്മിറ്റിയിലും 2012ല്‍ പോളി ബ്യൂറോയിലുമെത്തി. 1986ലും 1992ലും രാജ്യസഭാംഗമായിരുന്നു. 2006ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി, വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയായിരുന്നു. 2014ല്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. 1954ല്‍ കുന്നത്ത് പി എം അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
What's Your Reaction?






