ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നപരിഹാരം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയതും മലയോര ജനതയുടെ ജീവിതം ദുസഹമാക്കിയതും യുഡിഎഫ് സര്‍ക്കാരുകളാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോടതി വ്യവഹാരങ്ങളിലൂടെ ഇവര്‍ ഉത്തരവുകള്‍ നേടി ജനത്തെ നിര്‍ബന്ധിത കുടിയിറക്കത്തിന് പ്രേരിപ്പിക്കുന്നു. ഇപ്പോള്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തുന്ന സമരങ്ങളുടെ ഉദ്ദേശം വ്യക്തമാണ്. കാര്‍ബണ്‍ ഫണ്ടിന്റെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന കപട പരിസ്ഥിതിവാദികളും ചില ഉദ്യോഗസ്ഥരും ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കാന്‍ ഗൂഢനീക്കങ്ങളാണ് നടത്തുന്നത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രകടന പത്രികയില്‍ നല്‍കിയ ഉറപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂപതിവ് ഭേദഗതി നിയമം നടപ്പാക്കി. ഇതിന്റെ ചട്ട രൂപീകരണം അവസാനഘട്ടത്തിലാണ്. ജനങ്ങള്‍ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതീക്ഷയോടെ നോക്കിക്കാണുന്നതെന്നും നേതാക്കള്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ തൊഴിലിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനുനേരെ നടക്കുന്ന അപവാദ പ്രചാരണങ്ങളുടെ ലക്ഷ്യമെന്താണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ എന്നും പാര്‍ടിയും ജില്ലാ സെക്രട്ടറിയും പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറിയേറ്റംഗം എസ് രാജേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ജില്ലാ വൈസ് പ്രസിഡന്റ് മിനി സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം ആര്‍ രഞ്ജിത്, ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ രേഷ്മ ചാക്കോ, അരുണ്‍ ദാസ്, അഫ്‌സല്‍ മുഹമ്മദ്, ജയ്‌സണ്‍, ജോബി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






