നിര്‍മാണ മേഖലയിലെ പ്രതിസന്ധി: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ കട്ടപ്പനയില്‍ പണിമുടക്ക് നടത്തി
നിര്‍മാണ മേഖലയിലെ പ്രതിസന്ധി: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ കട്ടപ്പനയില്‍ പണിമുടക്ക് നടത്തി

ഇടുക്കി: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ലയില്‍ പണിമുടക്ക് നടത്തി. യൂണിറ്റ്, മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കട്ടപ്പനയില്‍ ഓക്സീലിയം സ്‌കൂള്‍ ജങ്ഷനിലെ സിഡബ്ല്യുഎസ്എ ഓഫീസ് പടിക്കല്‍നിന്ന് പ്രകടനം ആരംഭിച്ച് ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ പാറയില്‍, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ജോസ് സെല്‍വരാജ്, ജില്ലാ കമ്മിറ്റിയംഗം സാബു കൊച്ചുപറമ്പില്‍, കട്ടപ്പന യൂണിറ്റ് സെക്രട്ടറി ജോണ്‍സണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
മെറ്റല്‍, മണല്‍ എന്നിവയുടെ ലഭ്യതക്കുറവ് പരിഹരിക്കുക, അന്യജില്ലകളില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും അമിത പിഴ ഈടാക്കുന്നതും അവസാനിപ്പിക്കുക, കൊമേഴ്യല്‍ ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കുക, പുഴകളിലെയും ഡാമുകളിലെയും മണല്‍ ഖനനം പുനരാരംഭിക്കുക, നിര്‍ത്തിവച്ചിരിക്കുന്ന ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയോ സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുക ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
What's Your Reaction?






