സമൃദ്ധിയുടെ വിഷുക്കാലത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി
സമൃദ്ധിയുടെ വിഷുക്കാലത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

ഇടുക്കി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുക്കാലത്തെ വരവേല്‍ക്കാനുള്ള തിരക്കിലാണ് നാടും നഗരവും. വിപണികളിലെല്ലാം ശ്രീകൃഷ്ണ വിഗ്രഹങ്ങളും എത്തിക്കഴിഞ്ഞു. വിഷുപ്പുലരിയെ ഐശ്വര്യപൂര്‍ണമാക്കാന്‍ പല ഭാവത്തിലും വര്‍ണത്തിലും വലുപ്പത്തിലുമുള്ള വിഗ്രഹങ്ങളാണ് വിപണിയിലുള്ളത്. കൃഷ്ണ വിഗ്രഹങ്ങള്‍ക്കൊപ്പം രാധാകൃഷ്ണ വിഗ്രഹങ്ങള്‍ക്കും വിഷുക്കാലത്ത് ആവശ്യക്കാര്‍ ഏറെയുണ്ട്. കൊന്നപ്പൂവും കാര്‍ഷികോല്‍പ്പന്നങ്ങളും ഒപ്പം ശ്രീകൃഷ്ണ വിഗ്രഹവും ചേര്‍ന്നുള്ള വിഷുക്കണിയാണ് വിഷു ആഘോഷത്തിന് പൂര്‍ണത നല്‍കുന്നത്. പുഞ്ചിരി തൂകിനില്‍ക്കുന്ന കാര്‍വര്‍ണനെ കണികണ്ടുണര്‍ന്നാല്‍ സമൃദ്ധിയുടെ നാളുകള്‍ വന്നെത്തുമെന്നാണ് വിശ്വാസം. വിഷുപ്പുലരി അടുത്തെത്തിയതോടെ ഹൈറേഞ്ചിലെ വ്യാപാരശാലകളിലും വഴിയോരങ്ങളിലുമെല്ലാം കൃഷ്ണ വിഗ്രഹങ്ങള്‍ വില്‍പ്പനക്കായി ആവശ്യാനുസരണം എത്തിക്കഴിഞ്ഞു. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നാണ് കൃഷ്ണ വിഗ്രഹങ്ങള്‍ ഹൈറേഞ്ചിലേക്ക് എത്തുന്നത്. വിഗ്രഹ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്നതും വിഷുക്കാലത്താണ്.
What's Your Reaction?






