ഇഞ്ചി വില കൂപ്പുകുത്തി: കിലോയ്ക്ക് 30 രൂപ
ഇഞ്ചി വില കൂപ്പുകുത്തി: കിലോയ്ക്ക് 30 രൂപ

ഇടുക്കി: ഹൈറേഞ്ചില്‍ പ്രധാന കൃഷിയായിരുന്ന ഇഞ്ചിക്കൃഷിയില്‍ നിന്ന് പിന്‍മാറാനൊരുങ്ങി കര്‍ഷകര്‍. വിലക്കുറവും കാലാവസ്ഥാവ്യതിയാനവുമാണ് പ്രധാന കാരണം. മുന്‍വര്‍ഷങ്ങളില്‍ കിലോയ്ക്ക് 100 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത് 30 രൂപയാണ്. തൊഴിലാളികള്‍ക്കുള്ള കൂലിയും വളപ്രയോഗവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ മുടക്കുമുതല്‍ പോലും പലര്‍ക്കും തിരികെ ലഭിക്കുന്നില്ല. കടം വാങ്ങിയും വായ്പയെടുത്തുമാണ് പലരും കൃഷിയിറക്കുന്നത്. മെയ്, ജൂണ്‍ മാസങ്ങളിലാണ് കൃഷി നടത്തേണ്ടത്. കൃഷിക്കായി വേണ്ടുന്ന സ്ഥല ലഭ്യതക്കുറവും കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. ഒരു തവണ ഇഞ്ചി കൃഷി ചെയ്ത സ്ഥലത്ത് അടുത്ത വര്‍ഷം വീണ്ടും കൃഷി ചെയ്താല്‍ വിളവ് കുറയും. അതിനാല്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. ഒരേ സ്ഥലത്തുതന്നെ ഇഞ്ചിക്കൃഷി ചെയ്യണമെങ്കില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മറ്റുവിളകള്‍ പരീക്ഷിക്കേണ്ടതായി വരും. ഇത് ഇഞ്ചിയേക്കാള്‍ നഷ്ടം കുറവായി തോന്നിയാല്‍ കര്‍ഷകര്‍ അതില്‍ തുടരാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. അയല്‍ സംസ്ഥാനങ്ങളിലെ ഹൈടെക് ഇഞ്ചി ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന ടണ്‍ കണക്കിന് ഇഞ്ചി കുറഞ്ഞ വിലയില്‍ കേരളത്തിലെത്തുന്നതും വിലയിടിവിന് കാരണമാണ്.
What's Your Reaction?






