ഇരവികുളം ദേശീയോദ്യാനത്തിന് 50 വയസ്
ഇരവികുളം ദേശീയോദ്യാനത്തിന് 50 വയസ്
ഇടുക്കി: നീലക്കുറിഞ്ഞികളുടെയും വരയാടുകളുടെയും കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിന് 50 വയസ്. 1975 മാര്‍ച്ച് 31 നാണ് ആനമുടിയും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഇരവികുളത്തെ വന്യജീവി സങ്കേതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1978ല്‍ ഇരവികുളം സംസ്ഥാനത്തെ ആദ്യ ദേശീയ ഉദ്യാനമായി. 97 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. ഈ പ്രദേശം ആദ്യകാലത്ത് തേയില വ്യവസായത്തിനെത്തിയ ഇംഗ്ലീഷുകാരുടെ വേട്ടയാടല്‍ കേന്ദ്രമായിരുന്നു. 1895ല്‍ ഈ പ്രദേശം ഹൈറേഞ്ച് ഗെയിം പ്രിസര്‍വേഷന്‍ അസോസിയേഷന്‍ സംരക്ഷിത പ്രദേശമാക്കി. 1971ല്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് 1975ല്‍ വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചത്. വംശനാശ ഭീഷണി നേരിടുന്നതും ഇന്ത്യന്‍ വന്യജീവിസംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുമായ വരയാട്, സിംഹവാലന്‍ കുരങ്ങ്, മാന്‍, കാട്ടുപോത്ത്, കടുവ, പുലി എന്നിവയും 15 ലേറെ ഇനങ്ങളിലുള്ള നീലക്കുറിഞ്ഞികളും മറ്റ് അപൂര്‍വ സസ്യജാലകങ്ങളും നിറഞ്ഞതാണ് ഇരവികുളം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഇരവികുളത്താണ്. പുല്‍മേട്, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലകങ്ങള്‍ ഇരവികുളത്തിന്റെ പ്രത്യേകതയാണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ രാജമല ഇരവികുളം ദേശീയ ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.
What's Your Reaction?

