അടിമാലി - കുമളി ദേശീയപാത നവീകരണം: പ്രധാന ടൗണുകള്‍ക്ക് ഭീഷണിയാകുമോ എന്ന് ആശങ്ക
അടിമാലി - കുമളി ദേശീയപാത നവീകരണം: പ്രധാന ടൗണുകള്‍ക്ക് ഭീഷണിയാകുമോ എന്ന് ആശങ്ക

ഇടുക്കി: അടിമാലി - കുമളി ദേശീയപാത നവീകരണം പ്രധാന ടൗണുകള്‍ക്ക് ഭീഷണിയാകുമോ എന്ന് ആശങ്ക. 30 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുപ്പ് നടക്കുന്നത്. ഭാവിയിലെ വികസനം മുമ്പില്‍ കണ്ടുകൊണ്ടാണ് സ്ഥലം ഏറ്റെടുപ്പടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇത് പ്രധാന ടൗണുകളിലേക്ക് എത്തുമ്പോള്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കേണ്ടി വരും. കട്ടപ്പന അടക്കമുള്ള ടൗണ്‍ഷിപ്പുകളുടെ മുഖചിത്രം തന്നെ മാറ്റി വരയ്ക്കപ്പെട്ടേക്കം. ബൈപ്പാസ് റോഡുകള്‍ ഉപയോഗിച്ച് പ്രധാന ടൗണുകളെ ഒഴിവാക്കും എന്നതില്‍ കൃത്യമായ വ്യക്തതകള്‍ ഇല്ലാത്തതാണ് ആശങ്കക്ക് കാരണം. നിലവില്‍ തയ്യാറായി കിടക്കുന്ന സ്‌കെച്ച് അനുസരിച്ച് പാത കട്ടപ്പന ടൗണിലൂടെയാണ് കടന്നു പോകുന്നത്. ദേശീയപാത കടന്നുവരുന്നതോടുകൂടി നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് ദോഷം സംഭവിച്ചാലും വികസനത്തിന്റെ വലിയ സഭാവനകളാണ് ഈ നവീകരണം വഴി ഉണ്ടാകുന്നത്. മികച്ച വീതിയിലും ആധുനിക നിലവാരത്തിലുമുള്ള പാത നിരവധി പ്രദേശങ്ങളുടെ വികസനത്തിന് വഴിതെളിക്കും. വിനോദസഞ്ചാര മേഖലയ്ക്ക് ഉണ്ടാകുന്ന ഉണര്‍വ് പ്രധാന ടൗണുകളിലെ വിവിധ വ്യാപാരങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യും. അതിവേഗം വളരുന്ന ഇടുക്കി ജില്ലയിലെ കൊച്ചു പട്ടണങ്ങളുടെ വളര്‍ച്ചയ്ക്ക് വേഗത വര്‍ധിപ്പിക്കും. ചരക്ക് നീക്കം അടക്കം വേഗത്തില്‍ നടക്കുന്നുവെന്നത് വ്യാപാര മേഖലയ്ക്കും ഏറെ ഗുണകരമാണ്. ഒപ്പം സാധന സാമഗ്രികള്‍ വാങ്ങുവാനായി മറ്റ് ജില്ലകളെ ആശ്രയിക്കുന്ന ഇടുക്കിയിലെ വിവിധ മേഖലയിലുള്ളവര്‍ പ്രധാനമായും വളര്‍ച്ച പ്രാപിക്കുന്ന കട്ടപ്പന അടക്കമുള്ള നഗരങ്ങളിലേക്ക് എത്തും. ഇതെല്ലാം ഒരു പ്രദേശത്തിന്റെ തന്ന വികസനത്തിലേക്ക് നയിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. 800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പിന് മാത്രം 484 കോടി രൂപയാണ് ചെലവഴിക്കുന്നത്.
What's Your Reaction?






