കട്ടപ്പന നഗരസഭ സ്റ്റേഡിയത്തിലെ ഹൈമാസ്റ്റ് ലൈറ്റ് തകരാറില്‍: ഡിവൈഎഫ്‌ഐ റീത്ത് വച്ച് പ്രതിഷേധിച്ചു
കട്ടപ്പന നഗരസഭ സ്റ്റേഡിയത്തിലെ ഹൈമാസ്റ്റ് ലൈറ്റ് തകരാറില്‍: ഡിവൈഎഫ്‌ഐ റീത്ത് വച്ച് പ്രതിഷേധിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭ സ്റ്റേഡിയത്തിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാര്‍ പരിഹരിക്കാത്ത നഗരസഭയുടെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന യൂണിറ്റ് കമ്മിറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫീസിന്റെ മുന്‍വശത്തുള്ള സ്റ്റേഡിയത്തിലെ ലൈറ്റ് തകരാറിലായിട്ട് ആറുമാസത്തിലേറെയായി. ഇതോടെ വൈകുന്നേരങ്ങളില്‍ കായികതാരങ്ങള്‍ മൈതാനത്ത് നടത്തിവന്ന പരിശീലനം മുടങ്ങി. പുലര്‍ച്ചെ പ്രഭാത സവാരിക്ക് ആളുകള്‍ ഇവിടേയ്ക്ക് എത്താതെയായി. അമര്‍ ജവാന്‍ റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രികര്‍ക്കും പരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ലൈറ്റ് ഏറെ പ്രയോജനപ്പെട്ടിരുന്നു. നഗരസഭാപരിധിയിലെ പലസ്ഥലങ്ങളിലെയും വഴിവിളക്കുകള്‍ തകരാറിലാണ്. കായികതാരങ്ങളെ അവഗണിക്കുന്ന നിലപാടാണ് നഗരസഭ ഭരണസമിതിയുടേത്. നിലവിലുള്ള സ്റ്റേഡിയം ഉപയോഗപ്രദമാക്കാന്‍ നടപടിയില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വി സി സരുണ്‍, എ ജെ സുബൈര്‍, പി എസ് ജമാല്‍, അജി വിജയന്‍, വി സി വിഷ്ണു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






