മൂന്നാറില്‍ ഗതാഗത തടസമുണ്ടാക്കി റോഡില്‍ നൃത്തവും ആവേശപ്രകടനവും: നാട്ടുകാര്‍ക്ക് തലവേദനയായി പുതിയ ട്രെന്‍ഡ്
മൂന്നാറില്‍ ഗതാഗത തടസമുണ്ടാക്കി റോഡില്‍ നൃത്തവും ആവേശപ്രകടനവും: നാട്ടുകാര്‍ക്ക് തലവേദനയായി പുതിയ ട്രെന്‍ഡ്

ഇടുക്കി: മൂന്നാറിലെത്തുന്ന സഞ്ചാരികളില്‍ ചിലരുടെ അതിരുകടന്ന ആവേശവും സാഹസിക പ്രകടനവും മറ്റ് യാത്രികരെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നതായി പരാതി. വാഹനങ്ങളില്‍ വലിയ ശബ്ദത്തില്‍ പാട്ട് വച്ച് റോഡില്‍ നൃത്തം ചെയ്യുന്നതും മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുന്നതും പതിവായി. ഇത്തരക്കാര്‍ മറ്റ് സഞ്ചാരികളെയോ യാത്രക്കാരെയോ ഗൗനിക്കാതെയാണ് ആവേശം പ്രകടിപ്പിക്കുന്നത്. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് പുതിയ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തി.
വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പെട്ട് വഴിയില്‍ കിടക്കുമ്പോഴും വലിയ ശബ്ദത്തില്‍ പാട്ടുവച്ച് റോഡില്‍ നൃത്തം ചെയ്യുന്നതും മൂന്നാറില്‍ പതിവ് കാഴ്ചയാണ്. യാത്രാമധ്യേ മഞ്ഞിറങ്ങുന്നതോടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ചില സഞ്ചാരികള്‍ റോഡില്‍ നൃത്തം ചവിട്ടാറുണ്ട്. സഞ്ചാരികളുടെ അതിരുവിട്ടുള്ള ആവേശപ്രകടനം മറ്റ് യാത്രക്കാരെ വലയ്ക്കുന്നു. മൂന്നാറിലെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ വാഹനങ്ങളില്‍ സാഹസിക യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്.
What's Your Reaction?






