ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങള്‍ ഉടന്‍: മുഖ്യമന്ത്രി

ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങള്‍ ഉടന്‍: മുഖ്യമന്ത്രി

Apr 28, 2025 - 17:35
Apr 28, 2025 - 17:45
 0
ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങള്‍ ഉടന്‍: മുഖ്യമന്ത്രി
This is the title of the web page

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടം ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ ഉടന്‍ രൂപീകരിക്കുമെന്നും ഇതോടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇടുക്കിയുടെ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. 1960ലെ ഭൂപതിവ് നിയമഭേദഗതിയുടെ ചട്ടരൂപീകരണം അന്തിമഘട്ടത്തിലാണ്. ഇതിലൂടെ പട്ടയഭൂമിയിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിക്കാന്‍ കഴിയും. 1964 ലെ കൃഷി ആവശ്യത്തിനായുള്ള പതിവ് ചട്ടം, 1995 ലെ നഗരസഭ, കോര്‍പ്പറേഷന്‍ മേഖലയിലെ വീടിനും ചെറിയ കടകള്‍ക്കുമുള്ള ഭൂമിയുടെ ഉപയോഗം എന്നിവയിലെ ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിനും നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. ഭൂമി തരം മാറ്റി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലംഘനം ക്രമീകരിക്കാനും കഴിയും. ഇതിനായുള്ള ചട്ടങ്ങള്‍ തയാറാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപജീവനത്തിനായി ഭൂമി തരംമാറ്റി ഉപയോഗിച്ചത് ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായുള്ള അപേക്ഷകളില്‍ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി നടപടിസ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സഹകരണ സ്ഥാപനങ്ങള്‍, പട്ടയഭൂമിയില്‍ നിര്‍മിച്ച സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റുനിര്‍മിതികള്‍ തുടങ്ങി പൊതുആവശ്യത്തിനായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ക്രമീകരണം സംബന്ധിച്ച നടപടികള്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. മതസ്ഥാപനങ്ങളുടെ നിര്‍മിതികള്‍, സമുദായ സംഘടനയുടെ സ്ഥാപനങ്ങള്‍, ഭിന്നശേഷി അവകാശ സംരക്ഷണ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ ഭൂമിയിലെ പൊതുആവശ്യത്തിനായുള്ള വാണിജ്യ കേന്ദ്രങ്ങളോടുകൂടിയ നിര്‍മിതികള്‍ എന്നിവ ഉള്‍പ്പെടുന്ന ഭൂമിയുടെ ക്രമീകരണം വേഗത്തിലാക്കാന്‍ നടപടികള്‍ ലഘൂകരിക്കും.
ഇതുമായി ബന്ധപ്പെട്ട കോടതി വിധികള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവുകള്‍ പരിശോധിച്ചശേഷമാകും ചട്ടങ്ങള്‍ രൂപീകരിക്കുക. വകമാറ്റി ഉപയോഗിച്ച ഭൂമിയുടെ ക്രമീകരണം, പുതുതായി മറ്റ് ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതിനുള്ള ചട്ടം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി ചട്ടരൂപീകരണം നടക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിഴ ഇല്ലാതെ ഫീസ് ഈടാക്കും. നിര്‍മണ സാമഗ്രികള്‍ക്കായി ക്വാറി അനുമതി സംബന്ധിച്ചും ഉടന്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. മന്ത്രി വി.എന്‍. വാസവന്‍, എംഎല്‍എമാരായ എം എം മണി, വാഴൂര്‍ സോമന്‍, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, മുന്‍ എംഎല്‍എ കെ കെ ജയചന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി കെ രാമചന്ദ്രന്‍, കലക്ടര്‍ വി വിഗ്‌നേശ്വരി, എഡിഎം ഷൈജു പി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow