അഡ്വ. എ രാജയ്ക്ക് എംഎല്‍എ ആയി തുടരാം: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
അഡ്വ. എ രാജയ്ക്ക് എംഎല്‍എ ആയി തുടരാം: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ഇടുക്കി: ദേവികുളം എംഎല്‍എ അഡ്വ. എ രാജയ്ക്ക് എംഎല്‍എ ആയി തുടരാമെന്ന് സുപ്രീംകോടതി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാര്‍ച്ചിലണ് എംഎല്‍എയുടെ നിയമസഭാഗത്വം റദ്ദാക്കിയത്. ആദ്യം ഇടക്കാല സ്‌റ്റേ നല്‍കിയ ശേഷമാണ് ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയത്. പട്ടിക വിഭാഗം സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. രാജ ക്രിസ്തുമത വിശ്വാസിയാണെന്നും സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യുഡിഎഫിലെ ഡി കുമാറാണ് ഹര്‍ജി നല്‍കിയത്. 1950ന് മുമ്പ് കുടുംബം കുടിയേറിയതിന് രാജ നല്‍കിയ രേഖ കോടതി അംഗീകരിച്ചു. എംഎല്‍എ എന്ന നിലയ്ക്ക് ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ എംഎല്‍എ നല്‍കിയ അപ്പീലിലാണ് ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. തമിഴ്‌നാട്ടില്‍നിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയര്‍ വിഭാഗക്കാരായ മാതാപിതാക്കള്‍ക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയില്‍ വാദിച്ചത്. 1950ന് മുമ്പ് കുടിയേറിയതിനാല്‍ കേരളത്തിലെ സംവരണത്തിന് അര്‍ഹതയുണ്ടെന്നും രാജ വാദിച്ചിരുന്നു. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാന്‍ എ. രാജ ഹാജരാക്കിയ കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ കമ്പനിയുടെ രേഖയും കേസില്‍ നിര്‍ണായകമായി.
What's Your Reaction?






