ഒരുകുടുംബത്തിലെ 4 പേര്‍ വീടിനുള്ളില്‍ വെന്തുമരിച്ച സംഭവം: ഫോറന്‍സിക് പരിശോധന നടത്തും
ഒരുകുടുംബത്തിലെ 4 പേര്‍ വീടിനുള്ളില്‍ വെന്തുമരിച്ച സംഭവം: ഫോറന്‍സിക് പരിശോധന നടത്തും

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ നോര്‍ത്ത് കൊമ്പൊടിഞ്ഞാലില്‍ ദുരൂഹസാഹചര്യത്തില്‍ ഒരുകുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ വെന്തുമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞായറാഴ്ച ഫോറന്‍സിക്കിന്റെ പരിശോധന നടക്കും. തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ(37), മക്കളായ അഭിനന്ദ്(ഏഴ്), അഭിനവ്(അഞ്ച്), ശുഭയുടെ അമ്മ ബൈസണ്‍വാലി 40 ഏക്കര്‍ പൊന്നാംകുന്നേല്‍ പൊന്നമ്മ(75) എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായി കത്തിനശിച്ചു. രണ്ട് ശരീരാവശിഷ്ടങ്ങളാണ് വീടിനുള്ളില്‍ കണ്ടെത്താനായത്. ഇതില്‍ അഭിനവിന്റെ മൃതദേഹം മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. മറ്റുള്ളവരുടേത് വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കാമെന്നാണ് നിഗമനം. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതായും അഗ്‌നിരക്ഷസേനാ കണ്ടെത്തി. ശനി വൈകിട്ട് 6.30 ഓടെ കൊമ്പൊടിഞ്ഞാല്‍- ചേബ്ലാംകുഴി റോഡിലൂടെ കടന്നുപോയ അയല്‍വാസിയായ ലോറി ഡ്രൈവര്‍ അജിത്തും മറ്റുള്ളവരുമാണ് വീട് കത്തിനശിച്ചതായി കണ്ടത്. തുടര്‍ന്ന്, മറ്റുള്ളവരെ വിവരമറിയിച്ചു. വെള്ളത്തൂവല്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. അഭിനവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച തീപിടിത്തമുണ്ടായതായാണ് പൊലീസ് നിഗമനം. ഇതിന്റെ കാരണവും ദുരൂഹമാണ്. ശുഭയുടെ ഭര്‍ത്താവ് അനീഷ് നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
What's Your Reaction?






