ചിത്രപൗര്‍ണമി ഉത്സവം തുടങ്ങി: ഐതീഹ്യപ്പെരുമയില്‍ മംഗളാദേവി കണ്ണകി ക്ഷേത്രം
ചിത്രപൗര്‍ണമി ഉത്സവം തുടങ്ങി: ഐതീഹ്യപ്പെരുമയില്‍ മംഗളാദേവി കണ്ണകി ക്ഷേത്രം

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രപൗര്‍ണമി ഉത്സവം തുടങ്ങി. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകളം പുലര്‍ച്ചെ അഞ്ചോടെ തുറന്ന് പൂജകള്‍ ആരംഭിച്ചു. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്‌നാട് ആചാരങ്ങളിലാണ് പൂജകള്‍ നടക്കുന്നത്. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണമി അഥവാ ചിത്രപൗര്‍ണമി ദിനത്തില്‍ മാത്രമാണ് ഇവിടെ പ്രവേശനം. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൊലീസ്, റവന്യു, വനംവകുപ്പ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്‌നിരക്ഷാ സേന ഉേദ്യാഗസ്ഥര്‍ സംയുക്തമായാണ് മേല്‍നോട്ടം.
തീര്‍ഥാടകര്‍ക്കായി ക്ഷേത്രത്തിനുള്ളില്‍ ടിന്‍ ഷീറ്റ് ഉപയോഗിച്ച് രണ്ട് പന്തലുകള്‍, ബാരിക്കേഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. അസ്‌കലൈറ്റും സ്ഥാപിച്ചു. കരടിക്കവല മുതല്‍ മംഗളാദേവിവരെയുള്ള സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നു. തീര്‍ഥാടനപാതയില്‍ ടോയ്‌ലറ്റ് സൗകര്യം, ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി മുഖാന്തിരം മഴക്കോട്ട്, കുട എന്നിവ വില്‍പ്പനയ്ക്കും വാടകയ്ക്കും ലഭ്യമാക്കും. തീര്‍ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ട്രിപ്പ് ചാര്‍ജ് ഒരു വശത്തേയ്ക്ക് ഒരാള്‍ക്ക് 160 രൂപയാണ്.
ചരിത്രം
ചൈത്രമാസത്തിലെ പൗര്‍ണമി നാളിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇരു സംസ്ഥാനങ്ങളും സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നീളുകയാണ്.
സമുദ്രനിരപ്പില്‍ നിന്നു 4500 അടി ഉയരത്തിലുള്ള പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്ന മംഗളാദേവിമലയുടെയും ക്ഷേത്രത്തിന്റെയും മേല്‍ ആദ്യം അവകാശവാദമുന്നയിച്ച് മദ്രാസ് പ്രസിഡന്‍സിയായിരുന്നു. തര്‍ക്കം തീര്‍ക്കാന്‍ 1817-ല്‍ തടത്തിയ സര്‍വേയില്‍ മംഗളാദേവി പൂര്‍ണമായും തിരുവിതാംകൂറിനു അവകാശപ്പെട്ടതാണെന്നു തെളിഞ്ഞു. പിന്നീട് 1854ല്‍ നടത്തിയ ദി ഗ്രേറ്റ് ട്രിഗോണമിക്കല്‍ സര്‍വേയും ഇതു സ്ഥിരീകരിച്ചു.
സ്വാതന്ത്ര്യാനന്തരം 1979-ല്‍ വീണ്ടും തര്‍ക്കമുയര്‍ന്നു. ഇതേത്തുടര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം ക്ഷേത്രവും ഇതോടു ചേര്‍ന്നുള്ള 62 സെന്റ് സ്ഥലവും പൂര്‍ണമായും കേരളത്തിനു മാത്രം അവകാശപ്പെട്ടതാണെന്നു തെളിഞ്ഞു. 1983ല്‍ പുനപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനും ഉത്സവ നടത്തിപ്പിനും വനം വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് 1985 മുതലാണ്. പിന്നീട് അധികാരത്തില്‍ വന്ന തമിഴ്നാട് സര്‍ക്കാരുകള്‍ പലവട്ടം അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് ഉത്സവം സംഘടിപ്പിച്ചുവരുന്നത്.
ചേരരാജാവായ ചേരന്‍ ചെങ്കുട്ടവനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചിലപ്പതികാരത്തിലെ ബിംബപ്രതിഷ്ഠാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മണ്ഡപം, തിടപ്പള്ളി, ബലിക്കല്‍പുര, ഗര്‍ഭഗൃഹം, ശ്രീകോവില്‍ എന്നിവയെല്ലാം നിര്‍മിച്ചിരിക്കുന്നത് ക്ഷേത്ര വിധിപ്രകാരം തന്നെയാണ്. ശ്രീകോവില്‍ രണ്ട് തട്ടുകളിലാണ്. തകര്‍ന്ന് വീണതും അവശേഷിക്കുന്നതുമായ മതിലിലും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളിലും പ്രാചീന തമിഴ്ലിപിയില്‍ കൊത്തിയ ലിഖിതങ്ങളും രേഖാ ചിത്രങ്ങളും വ്യാളീരൂപങ്ങളും ഇപ്പോഴും ശേഷിക്കുന്നുണ്ട്. തകര്‍ന്ന ചുറ്റുമതിനുള്ളില്‍ നാല് മണ്ഡപങ്ങളുണ്ട്. ഇവ മാത്രമാണ് ആരാധാന സ്ഥലങ്ങളെന്നാണ് ബ്രിട്ടീഷ് രേഖകളില്‍ പരാമര്‍ശിക്കുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് മംഗളാദേവിയില്‍ നിന്നു ഒരു തുരങ്കം നിര്‍മിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു.
തുരങ്കത്തിന്റെ തകര്‍ന്ന കവാടവും വറ്റാത്ത രണ്ട് കുളങ്ങളും ക്ഷേത്രത്തിനു സമീപത്തുണ്ട്. ശ്രീകോവിലുകളെല്ലാം തമിഴ്നാട്ടിലേക്ക് തുറന്നിരിക്കുന്നതും ചരിത്രത്തിന് അപ്പുറത്തേക്ക് ഭക്തരുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്. പുരാതന കാലത്തെ ഈ പ്രദേശം ഗൂഡല്ലൂര്‍ ആസ്ഥാനമാക്കിയ പൂഞ്ഞാര്‍ രാജാവിന്റെ അധീനതയിലായിരുന്നു. അക്കാലത്തെ ചിത്രാപൗര്‍ണമി നാളിലെ ഉത്സവം മറ്റൊരു മാമാങ്കഭൂമിയായി മംഗളാദേവിയെ മാറ്റിയിരുന്നു. പൂഞ്ഞാര്‍ രാജാവിന്റെ നേതൃത്വത്തില്‍ ചിത്രാപൗര്‍ണമി നാളില്‍ നടക്കുന്ന ഉത്സവത്തെ പലവട്ടം തമിഴര്‍ അക്രമിച്ചിരുന്നു. ക്ഷേത്രത്തിന്റെ സമീപത്തുള്ള പുല്‍മൈതാനമായിരുന്നു യുദ്ധക്കളം. ഇതോടെയാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്. പിന്നീട് യുദ്ധ കരാര്‍ അനുസരിച്ച് 1772-ല്‍ പൂഞ്ഞാര്‍ രാജാവിനു മംഗളാവേദി പ്രദേശം വിട്ടുകൊടുത്തുവെന്നാണ് ചരിത്ര രേഖകളില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് ക്ഷേത്രത്തിന്റെ പിന്നിലുള്ള ഐതീഹ്യം.
കാലപ്പഴക്കത്താല്‍ തകര്‍ന്ന ക്ഷേത്രം പുനര്‍ നിര്‍മിക്കണമെന്നുള്ള നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 2015-ല്‍ സംസ്ഥാന അറ്റോര്‍ണി ജനറലും പുരാവസ്തു ഡയറക്ടറും ക്ഷേത്രം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. കമ്പം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ണകി ട്രസ്റ്റ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ നടപടികള്‍ ഉണ്ടായില്ല. 1984 മുതല്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് കണ്ണകി ക്ഷേത്രം.
What's Your Reaction?






