'മഞ്ഞുമ്മല്‍ ബോയി'യെ രക്ഷിച്ച് അഗ്നിരക്ഷാസേന: 70 അടി താഴ്ചയില്‍ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
'മഞ്ഞുമ്മല്‍ ബോയി'യെ രക്ഷിച്ച് അഗ്നിരക്ഷാസേന: 70 അടി താഴ്ചയില്‍ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

ഇടുക്കി: 'മഞ്ഞുമ്മല്‍ ബോയ്'സിലെ സുഭാഷിനെപ്പോലെ സാംസണ്‍ ജോര്‍ജിനിത് പുനര്‍ ജന്മമാണ്. പാറയും പുല്ലും നിറഞ്ഞ 70 അടി താഴ്ചയില്‍നിന്ന് ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച് അഗ്നിരക്ഷാസേന യുവാവിനെ രക്ഷപ്പെടുത്തി. ചീങ്കല്‍സിറ്റി അറയ്ക്കത്തോട്ടത്തില്‍ സാംസണ്‍ ജോര്‍ജ്(23) ആണ് ശനിയാഴ്ച പുലര്‍ച്ചെ 3.15ഓടെ കോട്ടപ്പാറ വ്യൂ പോയിന്റിലെ കൊക്കയില്‍ അപകടത്തില്‍പ്പെട്ടത്. സാംസനും രണ്ട് സുഹൃത്തുക്കളും പുലര്‍കാല കാഴ്ച കാണാന്‍ വെള്ളിയാഴ്ച അര്‍ധരാത്രി വ്യൂ പോയിന്റില്‍ എത്തിയിരുന്നു. ഇതിനിടെ പാറക്കെട്ടിലൂടെ നടക്കുന്നതിനിടെ സാംസണ്‍ കാലുതെന്നി താഴേക്ക് വീണു. 70 അടി താഴ്ചയില്‍ പാറയും പുല്ലും നിറഞ്ഞ ഭാഗത്ത് തങ്ങിനിന്നു. ഒപ്പമുണ്ടായിരുന്നവര്‍ ആദ്യം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അവിടെനിന്ന് കാളിയാര്‍ പൊലീസിലും. ഇവര്‍ തൊടുപുഴ അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എ ജാഫര്‍ഖാനും രണ്ട് യൂണിറ്റ് സേനയും സ്ഥലത്തെത്തി. ഒരുകിലോമീറ്റര്‍ ചെങ്കുത്തായ വഴിയിലൂടെയാണ് സേനാംഗങ്ങള്‍ യുവാവിന്റെ അടുത്തെത്തിയത്. കാലൊന്ന് തെന്നിയാല്‍ അഗാധമായ കൊക്കയിലേക്ക് വീഴുമെന്നതിനാല്‍ യുവാവിനെ കരയ്‌ക്കെത്തിക്കുക പ്രയാസകരമായിരുന്നു. സേഫ്റ്റി ഹാര്‍നസും റോപ്പും ധരിച്ച് സേനാംഗങ്ങള്‍ പാറയിലൂടെ ഇറങ്ങി. താഴെയുണ്ടായിരുന്ന മറ്റ് സേനാംഗങ്ങള്‍ സാംസനെ റെസ്‌ക്യൂ നെറ്റില്‍ കയറ്റിശേഷം പൊലീസുകാരുടെയും സഹായത്തോടെ രാവിലെ ഏഴോടെ മുകളിലെത്തിച്ചു. ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് സാരമായ പരിക്കുകള്‍ ഒന്നുമില്ല.
What's Your Reaction?






