ദേവികുളം ഇരച്ചില്‍ പാറയില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ തീരുമാനം: സംരക്ഷണ ഭിത്തിയും നിര്‍മിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം
ദേവികുളം ഇരച്ചില്‍ പാറയില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ തീരുമാനം: സംരക്ഷണ ഭിത്തിയും നിര്‍മിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ഇരച്ചില്‍ പാറയില്‍ മലയിടിച്ചിലുണ്ടായ സ്ഥലത്ത് മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിര്‍മിക്കും. ഇതിന്റെ ഭാഗമായി ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി, ദേശീയപാത അതോറിറ്റി, പിഡബ്ല്യുഡി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ മഴക്കാലത്താണ് മണ്ണിടിച്ചിലുണ്ടായത്. വലിയതോതില്‍ മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണിരുന്നു. ഒരുവര്‍ഷമാകാറായിട്ടും മണ്ണ് നീക്കാന്‍ നടപടിയായില്ല. ഇതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചശേഷം മണ്ണ് നീക്കി സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് ഇവര്‍ അറിലിച്ചു. നീക്കംചെയ്യുന്ന മണ്ണ് തള്ളാന്‍ വനം വകുപ്പ് സ്ഥലം നല്‍കിയതായി ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു. മണ്ണ് നീക്കം ചെയ്യാനുള്ള തീരുമാനം ആശ്വാസകരമാണെന്ന് നാട്ടുകാരും പറഞ്ഞു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് റോഡിന്റെ അടിവശത്തായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞമഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ ഇവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശിച്ചിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് മുകളിലായി വിള്ളല്‍വീണിരുന്നു. മഴയ്ക്ക് മുമ്പ് മണ്ണ് നീക്കിയില്ലെങ്കില്‍ റോഡിലേക്ക് ഒഴുകിയെത്തി ഗതാഗതം ദുഷ്‌കരമാകും.
What's Your Reaction?






