കാലവർഷം ശക്തം: ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
കാലവർഷം ശക്തം: ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മഴ ശക്തിപ്രാപിച്ചതോടെ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പും ഉയര്‍ന്നു. തോടുകളിലും പുഴകളിലും ഒഴുക്ക് വര്‍ധിച്ചു. വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായി. മാര്‍ച്ച് മാസം മുതല്‍ വേനല്‍ മഴ ലഭിച്ചതിനാല്‍ അണക്കെട്ടുകളുടെ സംഭരണശേഷിയെ വേനല്‍ വലിയ തോതില്‍ ബാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മെയ് മാസം അവസാന വാരത്തില്‍ തന്നെ ശക്തമായ മഴ ലഭിച്ചുതുടങ്ങിയത്. ഇതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തമായതിനാല്‍ കൂടുതല്‍ അളവില്‍ വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങി. മുതിരപ്പുഴയുടെയും പെരിയാറിന്റെയും തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഈ മേഖലകളിലെ പുഴകളിലും ജലനിരപ്പുയര്‍ന്നു.
പൊന്‍മുടി, മാട്ടുപ്പെട്ടി, പാംബ്ല അടക്കമുള്ള ജലാശയങ്ങളിലും ജലനിരപ്പുയര്‍ന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ശനിയാഴ്ച മഞ്ഞ അലര്‍ട്ടുമാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നാല്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഇനിയും വര്‍ധിക്കും. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലെത്തിയിട്ടില്ല.
What's Your Reaction?






