ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായി പുനര്‍നിര്‍മിക്കുന്ന അയ്യപ്പന്‍കോവില്‍ വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തിന്റെ വശങ്ങള്‍ കാലവര്‍ഷത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണിയില്‍. വശങ്ങളിലെ പലസ്ഥലങ്ങളിലെയും മണ്ണൊലിച്ചുപോയി വിള്ളലുകള്‍ രൂപപ്പെട്ടു. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുഴല്‍പ്പാലം ഏഷ്യയിലെ തന്നെ രണ്ടാമത്തെ മണ്‍പാലമാണ്. ഹൈവേയുടെ ഭാഗമായി പുനര്‍നിര്‍മിക്കുമ്പോള്‍ പാലത്തിന്റെ പഴമയും തനിമയും നഷ്ടപ്പെടുന്നതായി ആക്ഷേപമുണ്ട്. കുഴല്‍പ്പാലത്തിലെ പശ കൂടുതലുള്ള മണ്ണ് മാറ്റി, മറ്റ് സ്ഥലങ്ങളില്‍നിന്നുള്ള മണ്ണ് ഇവിടെ നിക്ഷേപിച്ചതായും പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ മഴ പെയ്യുമ്പോള്‍ മണ്ണ് ഒഴുകി പോകും. അശാസ്ത്രീയമായി കോണ്‍ക്രീറ്റ് മതിലുകളുടെ നിര്‍മാണത്തിന് സമാനമായ ജോലികളാണ് ഇവിടെ നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ മഴവെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകാനുള്ള നിര്‍മാണം നടത്തണം. കുഴല്‍പ്പാലം ശരിയായ രീതിയില്‍ സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.