കട്ടപ്പനയിലെ ലിഫ്റ്റ് അപകടം: കെഎസ്ഇബി സംഘം പരിശോധന നടത്തി
കട്ടപ്പനയിലെ ലിഫ്റ്റ് അപകടം: കെഎസ്ഇബി സംഘം പരിശോധന നടത്തി

ഇടുക്കി: തകരാറിലായ ലിഫ്റ്റ് ഉയര്‍ന്നുപൊങ്ങി മുകളിലത്തെ നിലയില്‍ ഇടിച്ച് സ്വര്‍ണ വ്യാപാരി മരിച്ച സംഭവത്തില്‍ കെഎസ്ഇബി മൂലമറ്റം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറും സംഘവും സ്ഥലത്ത് പരിശോധന നടത്തി. ലിഫ്റ്റ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെയുള്ളവരെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു. കട്ടപ്പന പവിത്ര ഗോള്‍ഡിന്റെ മാനേജിങ് പാര്‍ട്ണര്‍ അമ്പലക്കവല വി ടി പടി പുളിക്കല്‍ സണ്ണി ഫ്രാന്‍സിസ്(പവിത്ര സണ്ണി 65) ആണ് മരിച്ചത് ബുധനാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പൊലീസ് തുടങ്ങിയിട്ടുണ്ട്.
ജീവനക്കാരുടെയും ലിഫ്റ്റ് ടെക്നീഷ്യന്റെയും മൊഴികളും ശേഖരിക്കും.
പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം. സണ്ണി മുകളിലത്തെ നിലയില്‍നിന്ന് താഴേയ്ക്ക് വരുന്നതിനിടെയാണ് ലിഫ്റ്റ് തകരാറിലായത്. തുടര്‍ന്ന് സണ്ണി സ്ഥാപനത്തിലെ ജീവനക്കാരെ ഫോണില്‍ വിവരമറിയിച്ചു. ഇവര്‍ ലിഫ്റ്റിന്റെ ടെക്നീഷ്യനെ ധരിപ്പിക്കുകയും വീഡിയോ കോളില്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വൈദ്യുതി ഓഫ് ചെയ്തശേഷം കണ്‍ട്രോള്‍ പാനലിലെ ലിവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് അനിയന്ത്രിതമായി കുതിച്ച് മുകളിലത്തെ നിലയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് താഴേയ്ക്ക് വന്ന ലിഫ്റ്റ് മൂന്നാംനിലയില്‍നിന്ന് ഒരടി ഉയരത്തിലെത്തി നിന്നു. ലിഫ്റ്റിന്റെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമം വിഫലമായതോടെ കട്ടപ്പന അഗ്നിരക്ഷാസേന രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കട്ടര്‍ ഉപയോഗിച്ച് വാതില്‍ മുറിച്ച് സണ്ണിയെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കും സുഷുമ്ന നാഡിക്കുമേറ്റ ഗുരുതര പരിക്കാണ് അപകടകാരണം. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.
What's Your Reaction?






