ഇടുക്കി: മാട്ടുക്കട്ടയില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ വര്‍ക്ക്ഷോപ്പിന് മുകളില്‍ ഈട്ടി മരം കടപുഴകി വീണ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച വൈകിട്ട് 5ഓടെ മാട്ടുക്കട്ട സ്വദേശി ഷിബുവിന്റെ ഉടമസ്ഥതയിലുള്ള എസ്ആര്‍ വര്‍ക്ക്‌ഷോപ്പിനു മുകളിലേക്കാണ് മരംവീണത്. തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗ്യാരേജിലുണ്ടായിരുന്ന മേരികുളം സെന്റ് മേരീസ് സ്‌കൂള്‍ ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. മറ്റൊരു ലോറിയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ഒരുദിവസം പിന്നിട്ടിട്ടും മരം വെട്ടിമാറ്റാന്‍ വനംവകുപ്പ് തയാറാകാത്തത് വാഹനങ്ങള്‍ക്ക് കൂടുതല്‍ കേടുപാട് ഉണ്ടാകാന്‍ കാരണമാകുന്നതായി തൊഴിലാളികള്‍ ആരോപിച്ചു.