ഇടുക്കി: നവകേരള സദസില്‍ ലഭിച്ച നിര്‍ദേശങ്ങളെ തുടര്‍ന്ന് ജില്ലയില്‍ വികസന പദ്ധതികള്‍ക്കായി 35 കോടി രൂപ അനുവദിച്ചു. ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, പീരുമേട്, ഇടുക്കി എന്നീ നിയോജകമണ്ഡലങ്ങള്‍ക്ക് 7 കോടി രൂപ വീതമാണ്. തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ആഭ്യന്തരം എന്നീ വകുപ്പുകളിലായി ആകെ 28 പദ്ധതികള്‍ നടപ്പാക്കും. 35ല്‍ 28.5 കോടി രൂപ റോഡ് വികസനത്തിനാണ്. നെടുങ്കണ്ടം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനും തൊടുപുഴ ഫയര്‍ സ്റ്റേഷനും നിര്‍മിക്കാന്‍ 6.5 കോടി വകയിരുത്തിയിട്ടുണ്ട്.
ഇടുക്കി നിയോജകമണ്ഡലത്തില്‍ ആറ് കോടി രൂപ വിനിയോഗിച്ച് നത്തുകല്ല്- വെള്ളയാംകുടി- സുവര്‍ണഗിരി- കക്കാട്ടുകട റോഡില്‍ വെള്ളയാംകുടി മുതല്‍ കക്കാട്ടുകട വരെയുള്ള ഭാഗം ടാര്‍ ചെയ്യും. ഒരുകോടി രൂപ വിനിയോഗിച്ച് കട്ടപ്പന നേതാജി ബൈപാസ് റോഡ് നിര്‍മിക്കും.
ദേവികുളത്ത് പതിനെട്ടാംമൈല്‍ - ചിറ്റുവര സൗത്ത്, ഗുണ്ടള ചാരായക്കട- എസ്പി പുരം പോസ്റ്റ് ഓഫീസ് വരെയുള്ള റോഡ്, കുറ്റിയാര്‍ വാലി , തെന്‍മല ന്യൂ ഡിവിഷന്‍ സോത്തുപ്പാറ ഗുണ്ടുമല, മൂന്നാര്‍ - നടയാര്‍- കുറുമല, 200 ഏക്കര്‍ - മെഴുകുംചാല്‍, അമ്പഴച്ചാല്‍ -കാണ്ടിയാംപാറ, കന്നിമല ലോവര്‍ ടോപ്പ് ഡിവിഷന്‍, ലക്ഷ്മി ഈസ്റ്റ്, മാനില ഒ ഡി കെ, ലാക്കാട് ദോവികുളം ലോവര്‍, കോവില്‍ക്കടവ് ചെറുവാട് മിഷന്‍ വയല്‍ ആനക്കാംപെട്ടി എന്നീ 12 റോഡുകള്‍ക്കായി തുക ചെലവഴിക്കും.
ഉടുമ്പന്‍ചോലയില്‍ നെടുങ്കണ്ടം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷനും ചെല്ലാര്‍ കോവില്‍ - നെറ്റിത്തൊഴു, നടുമറ്റം- മുണ്ടപ്ലാക്കല്‍ പടി- എന്‍ ആര്‍ സിറ്റി, കാരിത്തോട്- ആട്ടുപാറ-കരിമല എന്നീ മൂന്ന് റോഡുകള്‍ക്കും തുക ചെലവഴിക്കും. തൊടുപുഴയില്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണവും മുതലക്കോടം -പഴുക്കാക്കുളം റോഡ് നിര്‍മാണം, കാരിക്കോട് - കുന്നം റോഡ് നിര്‍മാണം (കാരിക്കോട് -ചാലംകോട്- പട്ടയം കവല റോഡ്) എന്നിവയ്ക്ക് തുക വകയിരുത്തി.
പീരുമേട്ടില്‍ പെരുവന്താനം കൊക്കയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനചാരി- അഴങ്ങാട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഡൈമുക്ക് - ആനക്കുഴി, അയ്യപ്പന്‍ കോവില്‍ -കുമളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് - ചെങ്കര റോഡിലെ ശാന്തിപ്പാലം മുതല്‍ കൊളുന്ത് പുര വരയുള്ള റോഡിന്റെ നിര്‍മാണം, പീരുമേട് പഞ്ചായത്തിലെ പഴയ പാമ്പനാര്‍- ലാഡ്രം- കൊടുവാക്കരണം, കുമളി പഞ്ചായത്തിലെ വെള്ളാരംകുന്ന് ആനക്കുഴി, ചക്കുപള്ളം പഞ്ചായത്തിലെ ഒട്ടകത്തലമേട് - മേനോന്‍മേട് - മങ്കവല, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വാളാര്‍ഡി- മേപ്പുരട്ട് എന്നീ റോഡുകളുടെ നിര്‍മാണം എന്നിവയ്ക്കായി തുക ചെലവഴിക്കും.