ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ഫ്രണ്ട്(ജേക്കബ്) സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ്. വണ്ണപ്പുറം മേഖലയിലെ കര്‍ഷകരുടെ 60 വര്‍ഷത്തിലേറെയായി കൈവശത്തിലുള്ള ഭൂമിയിലാണ് വനം വകുപ്പ് അവകാശവാദം ഉന്നയിക്കുന്നത്. ഇപ്പോള്‍ ഇവിടെ മരം മുറിക്കണമെങ്കില്‍ വനംവകുപ്പിന് അപേക്ഷ നല്‍കി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയാണ്. കര്‍ഷകര്‍ മലയോരത്തുനിന്ന് ആട്ടിയിറക്കപ്പെടുന്ന അവസ്ഥ. ഇതിനിടെ വന്യജീവി ആക്രമണവും ഇവരെ ദുരിതത്തിലാക്കുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ വനമേഖലയുടെ സൂക്ഷിപ്പുകാരായ വനപാലകര്‍ക്കാണ് ഉത്തരവാദിത്വം. എന്നാല്‍, ഇരകളായ കര്‍ഷകരെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയാണിപ്പോള്‍. കര്‍ഷകന് സന്തോഷത്തോടും ആത്മാഭിമാനത്തോടും തൊഴിലെടുക്കാന്‍ സാധിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണം. വണ്ണപ്പുറത്തെ കര്‍ഷകരുടെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് വിഷയത്തെക്കുറിച്ച് പഠിച്ച് വലിയ പ്രതിഷേധങ്ങള്‍ക്ക് രൂപംകൊടുക്കും. ശാശ്വത പരിഹാരമുണ്ടാകുംവരെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നിലപാടെടുക്കുമെന്നും സാജന്‍ ജോസഫ് കട്ടപ്പനയില്‍ പറഞ്ഞു.