ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച പ്ലസ്വണ്‍ വിദ്യാര്‍ഥിനിയുടെ അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച നഴ്സിങ് അസിസ്റ്റന്റിനെ പൊലീസ് അറസ്റ്റ്ചെയ്തു. മൂലമറ്റം സ്വദേശിനി അനുമോള്‍ ജോസഫാണ് പിടിയിലായത്. കുരിശുമാല, പാദസരം, വജ്രമോതിരം, ഒരുജോഡി കമ്മല്‍ എന്നിവയാണ് ഇവര്‍ കവര്‍ന്നത്. 2024 മെയ് 22നാണ് സംഭവം. ചെറുതോണി വിമലഗിരി അഞ്ചാനിക്കല്‍ സാജുവിന്റെ മകളെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പായി ആഭരണങ്ങള്‍ ഊരി മുറിയില്‍ സൂക്ഷിച്ചിരുന്നു. 24ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകാനൊരുങ്ങവെ ആഭരണങ്ങള്‍ നഷ്ടമായി വ്യക്തമായി. തുടര്‍ന്ന് തൊടുപുഴ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ അനുമോളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. കുരിശുമാലയും പാദസരവും കഴിഞ്ഞ ജൂണില്‍ പാലായിലെ ജ്വല്ലറിയില്‍ ഇവര്‍ വിറ്റു. പ്രതിയുടെ വീട്ടില്‍നിന്ന് വജ്രമോതിരവും കമ്മലും കണ്ടെത്തി. കഴിഞ്ഞദിവസം അനുമോളെ തൊടുപുഴ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. തൊടുപുഴ എസ്ഐ എന്‍ എസ് റോയിയുടെ നിര്‍ദേശാനുസരണം എസ്ഐ വി സി അജിലാലിും സംഘവുമാണ് അന്വേഷണം നടത്തിയത്.