മഴക്കെടുതിയില്‍ നശിച്ചത് 2.17 കോടിയുടെ ഏലംകൃഷി: വരള്‍ച്ചയ്ക്ക് പിന്നാലെ ഇടിത്തീയായി കാലവര്‍ഷവും: പ്രതീക്ഷയറ്റ് കര്‍ഷകര്‍
മഴക്കെടുതിയില്‍ നശിച്ചത് 2.17 കോടിയുടെ ഏലംകൃഷി: വരള്‍ച്ചയ്ക്ക് പിന്നാലെ ഇടിത്തീയായി കാലവര്‍ഷവും: പ്രതീക്ഷയറ്റ് കര്‍ഷകര്‍

ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ നശിച്ചത് 2.17 കോടിയുടെ ഏലം കൃഷി. ആനവിലാസം, കുമളി, വള്ളക്കടവ്, കൊച്ചറ, വണ്ടന്‍മേട്, അടിമാലി, നെടുങ്കണ്ടം, രാജകുമാരി മേഖലകളിലാണ് കൂടുതല്‍ കൃഷിനാശമുണ്ടായത്. കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ച ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് കര്‍ഷകര്‍ തിരിച്ചുവരുന്നതിനിടെ കാലവര്‍ഷവും തിരിച്ചടി സമ്മാനിച്ചു. കൃഷി വകുപ്പിന്റെ കണക്കുപ്രകാരം 12 ദിവസത്തിനുള്ളില്‍ 310.69 ഹെക്ടര്‍ സ്ഥലത്തെ ഏലംകൃഷി നശിച്ചു. 2,364 കര്‍ഷകര്‍ക്ക് 2.17 കോടി രൂപയുടെ നഷ്ടമുണ്ടായി. അതേസമയം ഇതിന്റെ ഇരട്ടിയിലേറെ കൃഷിനാശമുണ്ടായതായി കര്‍ഷക സംഘടനകള്‍ പറയുന്നു. ആകെ കൃഷിനാശം 384.97 ഹെക്ടര്‍ സ്ഥലത്താണ്. ഇതില്‍ 310.69 ഹെക്ടറും ഏലമാണ്. കാറ്റില്‍ ഏലച്ചെടികള്‍ ഒടിഞ്ഞുവീണും കൂടാതെ മരങ്ങള്‍ കടപുഴകി വീണുമാണ് വിളകള്‍ നശിച്ചത്. ഏലം കഴിഞ്ഞാല്‍ കാലവര്‍ഷം കൂടുതല്‍ ബാധിച്ചത് വാഴക്കൃഷിയെയാണ്. 24.71 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 2024 ഫെബ്രുവരി മുതല്‍ മേയ് വരെയുണ്ടായ വേനല്‍ച്ചൂടില്‍ 17,944 കര്‍ഷകരുടെ 4368.8613 ഹെക്ടറിലെ ഏലംകൃഷി നശിച്ചു. സര്‍ക്കാരിന്റെ എയിംസ് പോര്‍ട്ടലില്‍ ലഭിച്ച നഷ്ടപരിഹാര അപേക്ഷകള്‍ പ്രകാരം ആകെ 10.93 കോടി രൂപ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാല്‍ നഷ്ടപരിഹാരം പൂര്‍ണമായി കര്‍ഷകര്‍ക്ക് ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം ശരാശരി 2400 രൂപ വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോള്‍ 2150 മുതല്‍ 2350 വരെയാണ് വില. സീസണ്‍ ആരംഭിക്കുമ്പോള്‍ വില ഉയരുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കില്ല. ജനുവരിയില്‍ 3190 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില ഇടിഞ്ഞു.
What's Your Reaction?






