കാഞ്ചിയാര്‍ കുഴിയോടിപ്പടി പാലം നിര്‍മാണം നിലച്ചു: നാട്ടുകാര്‍ സമരത്തിലേക്ക്

കാഞ്ചിയാര്‍ കുഴിയോടിപ്പടി പാലം നിര്‍മാണം നിലച്ചു: നാട്ടുകാര്‍ സമരത്തിലേക്ക്

Jun 6, 2025 - 16:39
Jun 6, 2025 - 16:44
 0
കാഞ്ചിയാര്‍ കുഴിയോടിപ്പടി പാലം നിര്‍മാണം നിലച്ചു: നാട്ടുകാര്‍ സമരത്തിലേക്ക്
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കക്കാട്ടുകട- തൊവരയാര്‍ റോഡിലെ കുഴിയോടിപ്പടി പാലത്തിന്റെ നിര്‍മാണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിലേക്ക്. പാലം നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിച്ച് യാത്രാദുരിതം അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് നിലവില്‍ ബുദ്ധിമുട്ടുന്നത്.
രണ്ടര വര്‍ഷം മുമ്പാണ് പുതിയ പാലം നിര്‍മിക്കാന്‍ പഴയ കോണ്‍ക്രീറ്റ് പാലം പൊളിച്ചുനീക്കിയത്. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. മണ്ണ് പരിശോധനയില്‍ സ്ഥലത്ത് പാറയുള്ളതായി കണ്ടെത്തിയതോടെ നിര്‍മാണത്തിന് കൂടുതല്‍ തുക ആവശ്യമായിവന്നു. തുടര്‍ന്ന് പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍ 13 ലക്ഷം രൂപ കൂടി ലഭ്യമാക്കി. ടെന്‍ഡര്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കി പാലം പൊളിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിര്‍മാണ ജോലികള്‍ ആരംഭിച്ചപ്പോഴാണ് മുമ്പ് പരിശോധനയില്‍ കണ്ടെത്തിയതിനേക്കാള്‍ അഞ്ചര അടി കൂടി താഴെയാണ് പാറയെന്ന് വ്യക്തമായത്. തുടര്‍ന്ന് 74 ലക്ഷം രൂപയായി എസ്റ്റിമേറ്റ് പുതുക്കി. അവശേഷിക്കുന്ന തുക ജില്ലാ പഞ്ചായത്തില്‍നിന്ന് വകയിരുത്തിയെങ്കിലും ഡിസൈനില്‍ വീണ്ടും മാറ്റം വേണമെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. ഡിസൈന്‍ മാറ്റിയതോടെ എസ്റ്റിമേറ്റ് തുക ഒരുകോടിയായി ഉയര്‍ന്നു. 35 ലക്ഷം രൂപ ഉപയോഗിച്ച് ഇരുവശങ്ങളിലും അടിത്തറയും തൂണുകളുടെ കുറച്ചുഭാഗവും നിര്‍മിച്ചെങ്കിലും ഫണ്ട് ഇല്ലാത്തതിനാല്‍ ജോലികള്‍ മുടങ്ങി.
പാലം പൊളിച്ചശേഷം നാട്ടുകാര്‍ക്ക് കടന്നുപോകാന്‍ താല്‍ക്കാലിക തടിപ്പാലം സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ച മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇപ്പോള്‍ മേഖലയിലെ താമസക്കാര്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. ഇതോടെയാണ് സമരം ആരംഭിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow