കൊന്നത്തടി -പണിക്കന്‍കുടി -ചെമ്പകപ്പാറ റോഡ് നിര്‍മാണം വൈകുന്നു: വനംവകുപ്പ് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍
കൊന്നത്തടി -പണിക്കന്‍കുടി -ചെമ്പകപ്പാറ റോഡ് നിര്‍മാണം വൈകുന്നു: വനംവകുപ്പ് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍

ഇടുക്കി: കൊന്നത്തടി പണിക്കന്‍കുടി ചെമ്പകപ്പാറ റോഡ് നിര്‍മാണം വൈകുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ദുരിതത്തില്‍. കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത ഇവിടെ വന്യമൃഗ ആക്രമണവും ഭീഷണിയാണ്. റോഡ് നിര്‍മാണത്തിന് പഞ്ചായത്തംഗം റെജിമോന്‍ ഇടയാക്കുന്നേല്‍ തടസം നില്‍ക്കുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു. 5 കിലോമീറ്റര്‍ ദൂരമുള്ള റോഡിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്. എന്നാല്‍ പല ഘട്ടങ്ങളിലായി കോണ്‍ഗ്രീറ്റ് നടത്തിയെങ്കിലും 360 മീറ്റര്‍ ഇപ്പോഴും മണ്‍പാതയായി അവശേഷിക്കുകയാണ്. ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ഇവിടെ കാല്‍നടയാത്ര പോലും ദുഷ്‌കരമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ സംഘടിച്ച് ജനകീയമായി റോഡ് നിര്‍മിക്കാനെത്തിയത്. എന്നാല്‍ ഇത് വനം വകുപ്പ് തടഞ്ഞു. വെള്ളത്തൂവല്‍ പഞ്ചായത്തംഗത്തിന്റെ ഉള്‍പ്പെടെ പരാതി ഉള്ളതിനാല്‍ റോഡ് നിര്‍മിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വനംവകുപ്പ് സെക്ഷന്‍ ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി പഞ്ചായത്തംഗത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 30 മിനിറ്റിനുള്ളില്‍ സ്ഥലത്ത് എത്താമെന്ന് അറിയിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മെമ്പര്‍ സ്ഥലത്ത് എത്തിയില്ല. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മറ്റ് അധികൃതരും തിങ്കളാഴ്ച സ്ഥലത്തെത്തി പരിഹാരം കാണാമെന്ന ഉറപ്പിന്‍മേല്‍ വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയി. റവന്യു വകുപ്പിന്റെ ഭൂമിയിലൂടെ കടന്നുപോകുന്ന റോഡിന്റെ സംരക്ഷണ ചുമതല വനംവകുപ്പിനാണ്.
What's Your Reaction?






