സംസ്ഥാന സര്‍ക്കാരിന്റെ അനീതികള്‍ തിരിച്ചറിയാതെ ജനം കൈയടിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ
സംസ്ഥാന സര്‍ക്കാരിന്റെ അനീതികള്‍ തിരിച്ചറിയാതെ ജനം കൈയടിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

ഇടുക്കി: സര്‍ക്കാരിന്റെ നിയമഭേദഗതികളിലെ അനീതികള്‍ തിരിച്ചറിയാതെ മലയോര ജനത കയ്യടിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്ന് ഡോ.മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പ്ലാന്റേഴ്സ് ക്ലബ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ലഹരി മാഫിയ സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെ പിടിയിലാക്കുന്ന സ്ഥിതിയാണ് നിലവില്‍. വരും നാളുകളില്‍ ഇത് വിപത്തായി മാറും. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യുവജനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതാണ്. ജില്ലയില്‍ നിരവധി ഭൂപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എല്‍എ പട്ടയ ഭൂമികള്‍ കൃഷിക്കും വീട് വയ്ക്കുന്നതിനും ചെറിയ വ്യാപാരശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അല്ലാതെ മറ്റു കാര്യങ്ങള്‍ക്ക് അനുവദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇത് ആദ്യം നടപ്പിലാക്കിയത് ഇടുക്കിയിലാണ്. എന്നാല്‍ ഇത് കേരളത്തെ മുഴുവന്‍ ബാധിക്കും. അവിടെയെല്ലാം ബഹുനില കെട്ടിടങ്ങളും വിവിധങ്ങളായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നം നിലവില്‍ ഇടുക്കിക്കാരെ മാത്രമാണ് ബാധിച്ചത്. ഈ നിയമം കേരളമെമ്പാടും ബാധിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വ്യവസായങ്ങള്‍ അടക്കം എല്‍എ പട്ടയ ഭൂമിയില്‍ ഉള്‍പ്പെടുന്നു. ഇത് വലിയ അപകടം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ മനസിലാക്കിയതോടെയാണ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങിയത്. ഇപ്പോള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 9ന് വരെ എല്‍എ പട്ടയ ഭൂമിയില്‍ നിയമം ലംഘിച്ച് നിര്‍മിച്ച നിര്‍മാണങ്ങള്‍ക്ക് എല്ലാം സര്‍ക്കാര്‍ അനുവദിക്കുന്ന രീതിയില്‍ നിയമം സ്വാതൂകരിച്ച് കൊടുക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ നിലപാട്. ഈ അനീതി സര്‍ക്കാരിന്റെ വലിയ നേട്ടമായി കൈയ്യടിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ് പ്രസിഡന്റ് സിബി എബ്രഹാം, സെക്രട്ടറി റോബി ജോസഫ്, ജോയിന്റ് സെക്രട്ടറി സോണി എം.സി, അഡ്വ. ജെയിംസ് സേവ്യര്‍ കൊമ്പനാംതോട്ടം എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് പുതിയ പ്രതിനിധികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍രായി സിബി എബ്രഹാമും, സെക്രട്ടറിയായി റോബി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.
What's Your Reaction?






