പുളിയന്‍മല മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ വിപുലീകരണം അനുവദിക്കില്ല: പ്രതിഷേധവുമായി നാട്ടുകാര്‍
പുളിയന്‍മല മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ വിപുലീകരണം അനുവദിക്കില്ല: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: പുളിയന്‍മലയിലെ കട്ടപ്പന നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രം വിപുലീകരിക്കാനുള്ള നഗരസഭയുടെ ശ്രമം അംഗീകരിക്കാന്‍ ആകില്ലെന്ന് പ്രദേശവാസികള്‍. മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിച്ചതുമുതല്‍ പ്രദേശത്ത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍തന്നെ കൂടുതല്‍ സ്ഥലം വാങ്ങി പ്ലാന്റ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ആധുനിക അറവുശാലയും മാലിന്യ സംസ്‌കരണ കേന്ദ്രവും അടുത്തടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ നിലവില്‍ നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്. അറവുശാലയും മാലിന്യ സംസ്‌കരണ കേന്ദ്രവും ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്ന നിയമസാധ്യത ചൂണ്ടിക്കാട്ടിയതോടെ അറവുശാലയുടെ പ്രവര്‍ത്തനം നഗരസഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ മാലിന്യസംസ്‌കരണം ഇവിടെ നടക്കുന്നുണ്ട്. മാലിന്യം ക്രമാതീതമായി കുമിഞ്ഞുകൂടിയതോടെ ഓരോ ദിവസവും ഇവിടെയെത്തുന്ന മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് നഗരസഭ ഇതിന് സമീപത്തായി കൂടുതല്‍ സ്ഥലം വാങ്ങി മാലിന്യ സംസ്‌കരണ കേന്ദ്രം വിപുലീകരിക്കാന്‍ ഒരുങ്ങുന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.നിലവില്‍ ഇവിടെ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ തുക വകയിരുത്തിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ മാലിന്യം തരംതിരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരുന്നുണ്ട്. നിലവില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയശേഷം നിലവിലുള്ള സ്ഥലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്താം എന്നിരിക്കെ ഇതുചെയ്യാതെ ഇതിനുസമീപത്ത് കൂടുതല്‍ സ്ഥലം വാങ്ങി മാലിന്യ സംസ്‌കരണ കേന്ദ്രം വിപുലീകരിക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍ രംഗത്തും വന്നു. ആധുനിക അറവുശാല നവീകരിച്ച് ഇവിടെത്തന്നെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയാല്‍ ഇതും അംഗീകരിക്കാന്‍ കഴിയില്ലെന്നും വരുംദിവസങ്ങളില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയരുമെന്നും മുന്‍ കൗണ്‍സിലര്‍ എം സി ബിജു പറഞ്ഞു .
What's Your Reaction?






