ലൈഫ് പദ്ധതി രണ്ടാം ഗഡു മുടങ്ങി: കുമ്മിട്ടാംകുഴിയിലെ ഗുണഭോക്താക്കളുടെ വീട് നിര്‍മാണം വൈകുന്നു
ലൈഫ് പദ്ധതി രണ്ടാം ഗഡു മുടങ്ങി: കുമ്മിട്ടാംകുഴിയിലെ ഗുണഭോക്താക്കളുടെ വീട് നിര്‍മാണം വൈകുന്നു

ഇടുക്കി: മറയൂര്‍ പഞ്ചായത്തിലെ കുമ്മിട്ടാംക്കുഴി ഗോത്രവര്‍ഗ നഗറിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി. രംഗമ്മ രാമന്‍, ശശികല കുപ്പന്‍, രാജലക്ഷ്മി മുരുകന്‍, ദേവകി അന്തോണി, രുഗ്മണി മധുരകുമാര്‍, സീത നടരാജന്‍ എന്നിവരാണ് പരാതിയുമായി എത്തിയത്. 2001ല്‍ മുത്തങ്ങ സമരത്തെ തുടര്‍ന്ന് മറയൂരില്‍ 242 കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചു നല്‍കിയിരുന്നു. ഈ സ്ഥലത്ത് വീട് നിര്‍മിച്ചാല്‍ മാത്രമേ വീടിന് തുക അനുവദിച്ചുതരാന്‍ കഴിയുവെന്ന നിലപാടാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതെന്ന് കുടുംബങ്ങള്‍ പറയുന്നു. വീട് അനുവദിച്ചുകിട്ടിയപ്പോള്‍ നിലവിലുണ്ടായിരുന്ന സുരക്ഷിതമല്ലാത്ത വീട് പൊളിച്ചുമാറ്റി ആദ്യ ഗഡുവാങ്ങി തറയുടെ പണി പൂര്‍ത്തികരിച്ചു. പിന്നീട് ബാക്കി തുക അനുവദിക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വീട് പൊളിച്ചുമാറ്റിയതോടെ പലരും ടാര്‍പോളിന്‍ കെട്ടി താല്‍ക്കാലിക കുടിലൊരുക്കിയാണ് ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നത്. കാട്ടാന ശല്യം രൂക്ഷമായതിനാലും കുടിവെള്ളം, റോഡ് സൗകര്യമില്ലാത്തതിനാലും ഇവിടെ വീട് നിര്‍മിക്കുവാന്‍ കുടിക്കാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മറയൂര്‍ ടൗണിലുള്ള ഗ്രാമവാസികളുടെ സ്ഥലത്ത് വീട് വയ്ക്കാനാണ് കുടിക്കാര്‍ക്ക് താല്‍പര്യം. വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.
What's Your Reaction?






