പുളിയന്‍മലയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ വിപുലീകരണം: നാട്ടുകാര്‍ നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി
പുളിയന്‍മലയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ വിപുലീകരണം: നാട്ടുകാര്‍ നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി

ഇടുക്കി: പുളിയന്‍മലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം വിപുലീകരിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ നാട്ടുകാര്‍ നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി. നിലവിലുള്ള മാലിന്യം നീക്കാതെ വീണ്ടും മേഖലയില്‍ മാലിന്യം തള്ളിയാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് നിവേദനം നല്‍കിയത്. കേന്ദ്രം സ്ഥാപിച്ചതുമുതല്‍ പ്രദേശത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍തന്നെ കൂടുതല്‍ സ്ഥലം വാങ്ങി പ്ലാന്റ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആധുനിക അറവുശാലയും മാലിന്യ സംസ്‌കരണ കേന്ദ്രവും അടുത്തടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ നിലവില്‍ നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്. മാലിന്യം ക്രമാതീതമായി കുമിഞ്ഞുകൂടിയതോടെ ഓരോ ദിവസവും ഇവിടെയെത്തുന്ന മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാഹചര്യങ്ങള്‍ എല്ലാം നിലനില്‍ക്കെയാണ് നഗരസഭ ഇതിന് സമീപത്തായി കൂടുതല്‍ സ്ഥലം വാങ്ങി മാലിന്യ സംസ്‌കരണ കേന്ദ്രം വിപുലീകരിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഇവിടെ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ തുക വകയിരുത്തിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഒരു കുന്നിന് സമം ആയിട്ടാണ് ലെഗസി വേസ്റ്റ് ഇവിടെ കൂടിക്കിടക്കുന്നത്. ജനവിരുദ്ധ നിലപാടില്‍ നിന്ന് നഗരസഭ പിന്മാറണമെന്നും ഇടതുപക്ഷ കൗണ്‍സില്‍മാര്‍ ആവശ്യപ്പെട്ടു. സ്ഥലം വാങ്ങുന്നതിന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എതിരല്ല, എന്നാല്‍ ഒരു മേഖലയിലെ ജനങ്ങളെ മൊത്തം വലിയ ആരോഗ്യ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടുള്ള നിലപാടിനോട് യോജിക്കാന്‍ സാധിക്കില്ല. ഫോറസ്റ്റ് കേസ് അടക്കം നിലനില്‍ക്കുന്ന ഭൂമി വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. മുമ്പ് മേഖലയില്‍ മാലിന്യം കുമിഞ്ഞുകൂടി കിടന്നതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ അടക്കം ഉയര്‍ന്നുവന്നിരുന്നു. ഇതൊന്നും വകവയ്ക്കാതെ വീണ്ടും നഗരസഭ കൂടുതല്‍ സ്ഥലം വാങ്ങി മാലിന്യ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതിനെതിരെ പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് തുടക്കമാകുന്നത്.
What's Your Reaction?






