ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യോഗം ചേരുമെന്ന് കലക്ടര്‍ വി വിഗ്‌നേശ്വരി

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യോഗം ചേരുമെന്ന് കലക്ടര്‍ വി വിഗ്‌നേശ്വരി

Jun 28, 2025 - 16:45
 0
ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യോഗം ചേരുമെന്ന് കലക്ടര്‍ വി വിഗ്‌നേശ്വരി
This is the title of the web page

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും ഇവ പരിഹരിക്കാന്‍ എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരുമെന്നും കലക്ടര്‍ വി വിഗ്നേശ്വരി. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സ്‌കൂള്‍ അധ്യയന സമയം കഴിഞ്ഞ് കുട്ടികളുടെ സംരക്ഷണത്തിനായി കൂട് പദ്ധതി നടപ്പാക്കും. ഇടുക്കിയെ ശിശുസൗഹൃദ ജില്ലയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പദ്ധതി യോഗത്തില്‍ വിശദീകരിച്ചു. അടിമാലി ഗവ. ഹൈസ്‌കൂള്‍, എച്ച്എസ്എസ് ആയി ഉയര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് കലക്ടര്‍ നിര്‍ദേശിച്ചു. ഇക്കാര്യം ഡീന്‍ കുര്യാക്കോസ് എംപി കഴിഞ്ഞ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ജില്ലയില്‍ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ എബിസി സെന്റര്‍ സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ജില്ലയില്‍ ഈ വര്‍ഷം 2777 പേര്‍ക്ക് നായയുടെ കടിയേറ്റു.
ഇടമലക്കുടിയില്‍ ആരോഗ്യസംബന്ധമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഇടമലനഗര്‍ ആരോഗ്യനഗര്‍ പദ്ധതി നടപ്പാക്കും. ഇതിനായി സ്ഥലം വിട്ടുനല്‍കാന്‍ മൂന്നാര്‍ ഡിഎഫ്ഒയെ ചുമതലപ്പെടുത്തി.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ നിര്‍ത്തലാക്കുന്നതിനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. 26 അനധികൃത അറവുശാലകള്‍ പൂട്ടിയതായും നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലയില്‍ 24980 അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ രജിസ്ട്രേഷന്‍ തുടരുകയാണ്. പഞ്ചാലിമേട്ടില്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാന്‍ കെട്ടിടം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow