കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങളില്ല: പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങളില്ല: പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി

ഇടുക്കി: കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുതിയ ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. എല്ലാം ഉടനടി പരിഹരിക്കുമെന്ന വാഗ്ദാനം മാത്രമാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതോടെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി. കെട്ടിടത്തിന്റെ പല ഭാഗത്തും ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. ഇത് കോംപ്ലക്‌സിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക് വലിയ ബുദ്ധിമുട്ടും നഷ്ടവും ഉണ്ടാക്കുന്നുണ്ട്. വലിയ വാടക നല്‍കിയാണ് പല വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അതിന് തക്ക ക്രമീകരണങ്ങളോ സംവിധാനങ്ങളോ കോംപ്ലക്‌സിലില്ല. ബസ് സ്റ്റാന്‍ഡ് പൂര്‍ണമായി വൃത്തിഹീനമായ സാഹചര്യത്തിലാണ്. ശുചിമുറി സൗകര്യങ്ങളോ, കുടിവെള്ള സംവിധാനങ്ങളോ ഇല്ല. ഇത് വ്യാപാരികള്‍ക്ക് മാത്രമല്ല ബസ്റ്റാന്‍ഡില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം സെക്യൂരിറ്റിയുടെ അഭാവവും പ്രതിസന്ധിയാണ്. അവധി ദിനങ്ങളിലും രാത്രി സമയങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം കൂടിയാണ് ഇവിടം. അതില്‍ തൊഴിലാളികള്‍ സംഘടിക്കുകയും വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും പുതിയ ബസ് സ്റ്റാന്‍ഡിലെ പ്രതിസന്ധികള്‍ നഗരസഭ അധികൃതര്‍ മുമ്പാകെ അറിയിച്ചിട്ടും മുഖം തിരിക്കുന്ന സമീപനം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരി വ്യവസായി സമിതി നേതൃത്വം വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡിനുള്ളില്‍ ക്യാമറ സ്ഥാപിക്കുകയും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുകയും സെക്യൂരിറ്റിയെ സജ്ജമാക്കുകയും ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?






