കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതം: ജീവനക്കാരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ്
കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതം: ജീവനക്കാരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ വിവിധ പദ്ധതികളിലെ ക്രമക്കേട് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് കെ ജെ ജെയിംസ്. ആരോപണ വിധേയനായ താല്‍കാലിക ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫ് പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നത്. പ്രസിഡന്റിന്റെ ലോഗിന്‍ ഐഡി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദുരുപയോഗം ചെയ്ത് 12 ലക്ഷം മുതല്‍മുടക്കുള്ള വാക്കത്തി, 22 ലക്ഷം രൂപ മുതല്‍മുടക്കുള്ള മേമാരി കമ്യൂണിറ്റി ഹാളുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാതെ ബില്ലുകള്‍ മാറിയെടുക്കുകയാണ് ചെയ്തത്. നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ബില്ലുകള്‍ തനിക്ക് നല്‍കിയിട്ടില്ലെന്നും കെ ജെ ജെയിംസ് പറഞ്ഞു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
ഇതേ ജീവനക്കാരന്‍ മറ്റൊരു കരാറുകാരന്റെ ലൈസന്‍സ് ഉപയോഗിച്ച് ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണം ഏറ്റെടുക്കുകയും പൂര്‍ത്തീകരിക്കാതെ ബില്ലുകള്‍ മാറിയെടുക്കുകയും ചെയ്തു. കൂടാതെ, ഹോമിയോ ആശുപത്രിയുടെ അറ്റകുറ്റപ്പണി അറ്റകുറ്റപ്പണി നടത്താതെയും ബില്ല് മാറിയെടുത്തതായി കെ ജെ ജെയിംസ് ആരോപിച്ചു. ഇതുസംബന്ധിച്ച് രണ്ടുതവണ മെമ്മോ നല്‍കിയിട്ടും മറുപടി ലഭിച്ചില്ല. ലോഗിന്‍ ഐഡി ദുരുപയോഗം ചെയ്തത് സംബന്ധിച്ച് സെക്രട്ടറിയെ അറിയിച്ചിരുന്നു. വീട് നിര്‍മാണത്തിന് അനുമതി ലഭിക്കാത്ത സ്ഥലങ്ങളില്‍ ഹോംസ്റ്റേ, റിസോര്‍ട്ടുകള്‍ എന്നിവ നിര്‍മിക്കാന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒത്താശ നല്‍കി. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2024 ഏപ്രില്‍ ഒമ്പതിന് സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്ന് ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചും അപ്രൈസ്ഡ് കമ്മിറ്റിയെ സ്വാധീനിച്ചും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നു. കോടതിയില്‍ ജീവനക്കാരന്‍ സമര്‍പ്പിച്ചത് വ്യാജരേഖകളാണെന്നും അപ്രൈസ്ഡ് കമ്മിറ്റിയെ സ്വാധീനിച്ചതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കെ ജെ ജെയിം പറഞ്ഞു. മുമ്പ് വനിത ജീവനക്കാരിയെ സ്വാധീനിച്ച് വ്യാജ മിനിട്‌സ് തയാറാക്കിയതായും നിയമവിരുദ്ധമായി റോഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തതായും കെ ജെ ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
What's Your Reaction?






