മോദിയുടെ ജനദ്രോഹ നയങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു: മുഖ്യമന്ത്രി
മോദിയുടെ ജനദ്രോഹ നയങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു: മുഖ്യമന്ത്രി

ഇടുക്കി: മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ യുഡിഎഫ് എംപിമാര്‍ നിശബ്ദത പാലിച്ച് പിന്തുണയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല. വന്യജീവി ശല്യം വര്‍ധിച്ചുവരികയാണെന്നും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന വനനിയമങ്ങള്‍ക്ക് ഭേദഗതി അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യജീവനാണ് പ്രധാനം. നിയമഭേദഗതിക്ക് കേന്ദ്ര സഹായം ആവശ്യമാണ്. പ്രത്യേക പാക്കേജ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. മനുഷ്യജീവന് വില കല്‍പ്പിക്കുന്നില്ല.
രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിച്ച് മതനിരപേക്ഷത തകര്‍ക്കുന്ന ആര്‍എസ്എസും ബിജെപിയും വെറുപ്പിനെ പ്രത്യയശാസ്ത്രമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭരണഘടന മൂല്യങ്ങള്‍ അപകടത്തിലായ സാഹചര്യമാണ് രാജ്യത്ത്. ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു. മണിപ്പുര്‍ കലാപം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ പോലും കേന്ദ്രനയത്തെ വിമര്‍ശിക്കുന്ന സ്ഥിതിയുണ്ടായി.
പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് തുടരുന്ന മൗനം ജനവിരുദ്ധമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തിനെതിരെ ശബ്ദിക്കാന്‍ പോലും കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. കേരളത്തിന് അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ സുപ്രീംകോടതി ഇടപെടല്‍ വേണ്ടിവന്നു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് കോടതി വിലയിരുത്തി. ജനക്ഷേമ പദ്ധതികള്‍ മുടക്കുകയെന്ന കേന്ദ്രത്തിന്റെ ഗൂഢലക്ഷ്യത്തെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ ജോയ്‌സ് ജോര്‍ജ് എംപി പാര്‍ലമെന്റില്‍ നടത്തിയ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി. എന്നും ജനപക്ഷ നിലപാടുകളാണ് ജോയ്‌സ് പാര്‍ലമെന്റില്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെയാകെ ബാധിക്കുന്ന വിഷയങ്ങളും കേരളത്തിന്റെ പ്രശ്‌നങ്ങളും വ്യക്തമായ നിലപാട് സ്വീകരിച്ചു. നിരവധി വികസന പദ്ധതികള്‍ നടപ്പാക്കി. ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ജോയ്‌സ് ജോര്‍ജിന്റെ വിജയം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?






