പണിമുടക്ക് ഹൈറേഞ്ചില്‍ പൂര്‍ണം: തുറന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സമരക്കാര്‍ അടപ്പിച്ചു
പണിമുടക്ക് ഹൈറേഞ്ചില്‍ പൂര്‍ണം: തുറന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സമരക്കാര്‍ അടപ്പിച്ചു

ഇടുക്കി : സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഹൈറേഞ്ചില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. രാവിലെ തന്നെ കട്ടപ്പനയുടെ വിവിധ മേഖലകളില്‍ സമരാനുകൂലികള്‍ നിലഉറപ്പിച്ചിരുന്നു. പൊലീസും മേഖലയില്‍ സജ്ജമായിരുന്നു. തുറന്ന് പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങളും സമരക്കാര്‍ അടപ്പിക്കുകയും ചെറിയതോതില്‍ വാക്കേറ്റത്തിനും ഇടയാക്കി. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടയുന്ന സാഹചര്യവുമുണ്ടായി. കട്ടപ്പന സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്ന് സമരസമിതി ടൗണ്‍ ചുറ്റി പ്രകടനം നടത്തുന്നതിനിടയിലെത്തിയ കെഎസ്ആര്‍ടിസി ബസ് തടയുകയും ജീവനക്കാരും യത്രികരുമായി സമരാനുകൂലികള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയും അടപ്പിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഓഫീസില്‍ സമരാനുകൂലികള്‍ എത്തി അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറാകാതെ വന്നതോടെ വാക്ക് തര്‍ക്കവുണ്ടാകുകയും സമരാനുകൂലികള്‍ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറുന്ന സാഹചര്യവുമുണ്ടായി. പൊലീസും നേതാക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ സമരാനുകൂലികള്‍ ഓഫീസ് അടപ്പിച്ച് പിരിഞ്ഞു പോയി. മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കട്ടപ്പനയുടെ ഗ്രാമീണ മേഖലയിലും തോട്ട മേഖലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. 12 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. കട്ടപ്പന ഇടുക്കിക്കവല ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സലിംകുമാര്‍, സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






