മദ്യലഹരിയില്‍ അനാവശ്യമായി 'പ്രോത്സാഹിപ്പിച്ചു': വണ്ടിപ്പെരിയാറില്‍ മണ്ണുമാന്തി യന്ത്രം ഓടിച്ച് യുവാക്കളുടെ സാഹസിക പ്രകടനം: ഒടുവില്‍ പൊലീസ് പിടിയില്‍
മദ്യലഹരിയില്‍ അനാവശ്യമായി 'പ്രോത്സാഹിപ്പിച്ചു': വണ്ടിപ്പെരിയാറില്‍ മണ്ണുമാന്തി യന്ത്രം ഓടിച്ച് യുവാക്കളുടെ സാഹസിക പ്രകടനം: ഒടുവില്‍ പൊലീസ് പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ മദ്യലഹരിയില്‍ മണ്ണുമാന്തി യന്ത്രം ഓടിച്ച് യുവാക്കളുടെ സാഹസിക പ്രകടനം. വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി എത്തിച്ച മണ്ണുമാന്തി യന്ത്രമാണ് പശുമല സ്വദേശികളായ അരുള്‍, സ്റ്റീഫന്‍, ജിബിന്‍ എന്നിവര്‍ അപകടകരമായി ഓടിച്ച് സാഹസിക യാത്ര നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്റ്റേഡിയത്തിനുസമീപം മൂവരും മദ്യപിക്കുന്നതിനിടെയാണ് മണ്ണുമാന്തി യന്ത്രം പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. സംഘത്തില്‍പെട്ട അരുള്‍, മണ്ണുമാന്തി യന്ത്രം ഓടിക്കാന്‍ അറിയാമെന്നുപറഞ്ഞതോടെ മറ്റ് രണ്ടുപേര്‍ ഓടിച്ചുകാണിക്കണമെന്ന് നിര്‍ബന്ധംപിടിച്ചു. മൂവരുംചേര്‍ന്ന് വാഹനത്തിന്റെ താക്കോല്‍ തപ്പിയെടുത്തു. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ മണ്ണുമാന്തി യന്ത്രം ഓടിച്ച് സാഹസിക പ്രകടനം തുടങ്ങി. റോഡിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പടുതയും കീറി നശിപ്പിച്ചു. ശബ്ദംകേട്ട് നാട്ടുകാര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ സ്റ്റേഷനില്‍ എത്തിച്ചു. മദ്യലഹരിയില്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്നാണ് വാഹനം ഓടിച്ചയാളുടെ വാദം. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉടമ സ്ഥലത്തെത്തി. പൊലീസ് കേസെടുത്തശേഷം മൂവരെയും ജാമ്യത്തില്‍ വിട്ടയച്ചു.
What's Your Reaction?






