മൂന്നാറില്‍ ബോംബ് ഭീഷണി മുഴക്കിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍
മൂന്നാറില്‍ ബോംബ് ഭീഷണി മുഴക്കിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ ബോംബ് ഭീഷണി മുഴക്കിയ ഡല്‍ഹി സ്വദേശി പിടിയില്‍. ഖാലിദ് എന്ന നിധിന്‍ ശര്‍മയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം. മൂന്നാറിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ബോംബ് വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച് ഖാലിദ് പൊലീസിന് മെയില്‍ അയക്കുകയിരുന്നു. ഇ-മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാറിലെ വിവിധ മേഖലകളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ അന്വേഷണം നടത്തി വരികെയാണ് മൈസൂര്‍ ലദര്‍ബാഗ് പൊലിസ് സ്റ്റേഷനില്‍ സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായ വിവരം അറിയുന്നത് . കേരളത്തിലും നോര്‍ത്ത് ഇന്ത്യയിലെ വിവിധ മേഖലകളിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ ഉണ്ട്. 2017 ഇല്‍ എറണാകുളം ലുലു മാളില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ഖാലിദ് അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. വിവിധ മേഖലകളില്‍ നിന്ന് മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നത്. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്നാര്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. സ്ഥിരമായി ബോംബ് ഭീഷണി മുഴക്കുന്ന ഇയാള്‍ക്ക് പിന്നില്‍ മറ്റ് കൂട്ടാളികള്‍ ഉണ്ടോ എന്നും അന്വേഷിക്കും
What's Your Reaction?






