കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ച സംഭവം: കെഎസ്ഇബി സംഘം ശാസ്ത്രീയ പരിശോധന നടത്തി
കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ച സംഭവം: കെഎസ്ഇബി സംഘം ശാസ്ത്രീയ പരിശോധന നടത്തി

ഇടുക്കി: കട്ടപ്പനയില്‍ തകരാറിലായ ലിഫ്റ്റ് ഉയര്‍ന്നുപൊങ്ങി മുകളിലത്തെ നിലയില്‍ ഇടിച്ച് സ്വര്‍ണ വ്യാപാരി മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് സംഘം ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി ആര്‍ സജിത് കുമാറും സംഘവും ലിഫ്റ്റും അനുബന്ധ ഉപകരണങ്ങളും അഴിച്ചുപരിശോധിച്ചു. പൊലീസും ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയുടെ ജീവനക്കാരും പങ്കെടുത്തു. തകറിലായ ലിഫ്റ്റിനുള്ളില്‍നിന്ന് സണ്ണി ഫ്രാന്‍സിസിനെ പുറത്തിറക്കാനായി മാനുവല്‍ ആയി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതിലെ പരിചയക്കുറവാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ, ലിഫ്റ്റ് ക്യാബിനിലെ ഭാരം തുലനംചെയ്ത് കൂട്ടിയിടി, അപകടം എന്നിവ ഒഴിവാക്കുന്ന കൗണ്ടര്‍ വെയ്റ്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതും മുകളിലേക്ക് ഉയര്‍ന്ന് ഇടിക്കാന്‍ കാരണമായി. മെയ് 28നുണ്ടായ അപകടത്തില്‍ കട്ടപ്പന പവിത്ര ഗോള്‍ഡിന്റെ മാനേജിങ് പാര്‍ട്ണര്‍ അമ്പലക്കവല വി ടി പടി പുളിക്കല്‍ സണ്ണി ഫ്രാന്‍സിസ്(പവിത്ര സണ്ണി 65) മരിച്ചിരുന്നു. മുകളിലത്തെ നിലയില്‍നിന്ന് താഴേയ്ക്ക് വരുന്നതിനിടെ ലിഫ്റ്റ് തകരാറിലായി ഇദ്ദേഹം ഉള്ളില്‍ കുടുങ്ങി. ടെക്‌നീഷ്യനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീഡിയോ കോളില്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ വൈദ്യുതി വിച്ഛേദിച്ചശേഷം കണ്‍ട്രോള്‍ പാനലില്‍ കൈ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലിഫ്റ്റ് അനിയന്ത്രിതമായി ഉയര്‍ന്നുപൊങ്ങി മുകളിലത്തെ നിലയില്‍ ഇടിക്കുകയായിരുന്നു. ഇവിടെനിന്ന് മൂന്നാംനിലയിലെത്തിയ ക്യാബിനില്‍നിന്ന് അഗ്‌നിരക്ഷാസേന കട്ടര്‍ ഉപയോഗിച്ച് വാതില്‍ മുറിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. തലയ്ക്കും സുഷുമ്‌ന നാഡിക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
What's Your Reaction?






