മൂന്നാറില്‍ വീണ്ടും കൈയേറ്റം: റവന്യു ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി
മൂന്നാറില്‍ വീണ്ടും കൈയേറ്റം: റവന്യു ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി

ഇടുക്കി: മൂന്നാര്‍ ന്യൂ നഗറില്‍ ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം റവന്യു ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. പ്രതിഷേധം മുമ്പില്‍കണ്ട് മൂന്നാര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ വലിയ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.
കോണ്‍ക്രീറ്റ് തൂണുകളുടെയും മേല്‍ക്കൂരയുടെയും നിര്‍മാണം പൂര്‍ത്തിയാക്കി ചുവരുകള്‍ നിര്‍മിക്കുന്നതിനിടെയാണ് കൈയേറ്റം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. റവന്യു വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി കെട്ടിട ഉടമയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ പൊലീസ് ഇവരെ ബലമായി നീക്കം ചെയ്തു. നേരത്തെ ഇതേ സ്ഥലത്ത് പലതവണ കെട്ടിടം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. ഒരിടവിളക്ക് ശേഷമാണ് വീണ്ടും ഇതേ സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മേഖലയില്‍ നടക്കുന്ന വന്‍കിട കൈയേറ്റങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഉദ്യോഗസ്ഥര്‍ നടപടി എടുക്കുന്നില്ലെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. പാവപ്പെട്ടവര്‍ രണ്ട് സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന കെട്ടിടങ്ങളാണ് ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കുന്നത്. പ്രദേശത്ത് ആര്‍ക്കും പട്ടയമില്ല. എന്നാല്‍ ഇത്തരം ഭൂമിയില്‍ നടക്കുന്ന വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






