കൊമ്പൊടിഞ്ഞാലിലെ കൂട്ടമരണം: മുഖ്യമന്ത്രിക്ക് ജനകീയ സമിതി ഭീമ ഹര്‍ജി അയച്ചു
കൊമ്പൊടിഞ്ഞാലിലെ കൂട്ടമരണം: മുഖ്യമന്ത്രിക്ക് ജനകീയ സമിതി ഭീമ ഹര്‍ജി അയച്ചു

ഇടുക്കി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരുകുടുംബത്തിലെ 4 പേര്‍ വീടിനുള്ളില്‍ വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയില്‍ ജനകീയ സമിതി മുഖ്യമന്ത്രിക്ക് ഭീമ ഹര്‍ജി അയച്ചു. കഴിഞ്ഞ മെയ് 9നാണ് കൊമ്പൊടിഞ്ഞാല്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. 10ന് വൈകിട്ട് 6 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പിടിച്ചതെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. പക്ഷേ ഇല്രക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇളയ കുട്ടിയുടെ മൃതദേഹം മാത്രമാണ് തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയില്‍ ലഭിച്ചത്. ആദ്യം വെള്ളത്തൂവല്‍ എസ്എച്ച്ഒയ്ക്കായിരുന്ന അന്വേഷണ ചുമതല. പിന്നീട് ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെ ആലപ്പുഴ ജില്ലാ എഎസ്പിയായി നിയമിച്ചു. നിലവില്‍ ഈ അന്വേഷണം മന്ദഗതിയിലാണ് മുമ്പോട്ടുപോകുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും വേണ്ടത്ര ഗൗരവം നല്‍കുന്നില്ലെന്നാരോപ്പിച്ച് ജനകീയ സമര സമിതി മുഖ്യമന്ത്രിക്കും ഡിജിപിക്കും ജനകീയ സമിതി പരാതി നല്‍കി. ഗവര്‍ണര്‍, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി അയച്ചിട്ടുണ്ട്. രതീഷ് വരകുമല, കെ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






