വണ്ടിപ്പെരിയാറില്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തെ മര്‍ദിച്ചതായി പരാതി
വണ്ടിപ്പെരിയാറില്‍ കെട്ടിടത്തിന്റെ അവകാശവാദത്തെ ചൊല്ലി തര്‍ക്കം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് മര്‍ദനമേറ്റതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവകാശവാദത്തെ ചൊല്ലി സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വാടക കുടുംബത്തിന് മര്‍ദനമേറ്റതായി പരാതി. വണ്ടിപ്പെരിയാര്‍ താജ് ബില്‍ഡിങ്ങില്‍ താമസിക്കുന്ന നൂര്‍ ഫെമിനക്കും കുടുംബത്തിനുമാണ് മര്‍ദനമേറ്റത്. 9 സഹോദരങ്ങളില്‍ ഒരാളായ മൊമിദിനാണ് നൂര്‍ ഫെമിനയ്ക്കും കുടുംബത്തിനും 8 മാസം മുമ്പ് കെട്ടിടത്തിന്റെ മുകള്‍നില വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് മറ്റൊരു സഹോദരനായ മുസ്തഫ എത്തുകയും പീരുമേട് കോടതിയില്‍നിന്ന് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ പൊലീസില്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ തെറ്റായ വിവരങ്ങളാണ് ഇഞ്ചക്ഷന്‍ ഓര്‍ഡറിലുള്ളതെന്ന് പറഞ്ഞുകൊണ്ട് പൊലീസ് ഇവരെ തിരിച്ചയക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വീട്ടിലെത്തി മര്‍ദിക്കുകയും ചെയ്തത്.
തുടര്‍ന്ന് ഇവര്‍ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ചികിത്സ തേടിയശേഷം വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതേസമയം അനുമതിയില്ലാതെ ഇവര്‍ തന്റെ കെട്ടിടത്തില്‍ പ്രവേശിച്ചതിനാലാണ് വഴി തടഞ്ഞതെന്നും നൂര്‍ ഫെമിനായും കുടുംബവും ചേര്‍ന്ന് തന്നെയാണ് മര്‍ദിച്ചതെന്നും മുസ്തഫ പറയുന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ അടിയന്തരമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






