സിഎച്ച്ആര്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനം ജനവഞ്ചന: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി 

  സിഎച്ച്ആര്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനം ജനവഞ്ചന: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി 

Jul 21, 2025 - 17:32
 0
  സിഎച്ച്ആര്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനം ജനവഞ്ചന: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി 
This is the title of the web page

ഇടുക്കി: സുപ്രീംകോടതിയുടെ നിരോധന ഉത്തരവ് നീക്കാന്‍ നടപടി സ്വീകരിക്കാതെ സിഎച്ച്ആര്‍  പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം ജന വഞ്ചനയാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. കട്ടപ്പന നഗരസഭ സിഎച്ച്ആര്‍ പരിധിയില്‍പെട്ടതാണെന്നത് കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎച്ച്ആര്‍ മേഖലയിലെ പട്ടയവിതരണം കോടതി തടഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ പുതിയ പ്രഖ്യാപനം  ജനങ്ങളെ വഞ്ചിക്കലാണ്. പട്ടയവിതരണത്തിന് നിലവിലുള്ള നിയമ തടസങ്ങള്‍ ഒഴിവാക്കുകയാണ് മന്ത്രി ആദ്യം ചെയ്യേണ്ടതെന്നും ബിജോ മാണി പറഞ്ഞു. ഏതു തരത്തിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് പട്ടയം അനുവദിക്കാവുന്നത് അവരുടെ വിസ്തീര്‍ണ്ണപരിധി എത്രയാകണം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത  സര്‍ക്കാര്‍ ഉത്തരവില്‍ ഉണ്ടാകണം. ഇതിനുള്ള ശുപാര്‍ശകള്‍  2022-ല്‍ കലക്ടര്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും പട്ടയ വിതരണത്തിലും അനിശ്ചിതത്വം തുടരുകയാണ്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ വില്ലേജുകളിലെ മൂന്ന് ചെയിന്‍ മേഖലയിലും, കല്ലാര്‍കുട്ടി ഡാമിന്റെ പരിസരമുള്ള പത്ത് ചെയിന്‍ മേഖലയിലുമാണ് പ്രശ്നം നിലനില്‍ക്കുന്നത്. 1974-ല്‍ തന്നെ വൈദ്യുതി ബോര്‍ഡ് ഈ ഭൂമികള്‍ ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. 1982-ല്‍ പട്ടയ നടപടികള്‍ തുടങ്ങിയിരുന്നു. 2017-ലെ കലക്ടറുടെ റിപ്പോര്‍ട്ടിലും ഇതെല്ലാം വ്യക്തമാണ്. അതേസമയം, ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകളെ അവഗണിച്ചിരിക്കുകയാണ്. ലാന്‍ഡ് രജിസ്റ്ററില്‍ 'ഏലം' എന്ന് രേഖപ്പെടുത്തിയതിന്റെ പേരില്‍ പട്ടയം നിഷേധിക്കപ്പെട്ട മറ്റൊരു മേഖലയാണ് തോപ്രാംകുടിയും പച്ചടിയും. റീസര്‍വേയുടെ പിഴവായിരിക്കാമെന്ന് സംശയിക്കുന്ന ഈ കേസില്‍ 2016-ല്‍ ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും 2020-ല്‍ മാത്രം കലക്ടറുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. അതിനുശേഷവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ട് നടക്കുന്ന വെറും പ്രഖ്യാപനങ്ങളിലൂടെ മലയോര ജനതയെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബിജോ ആരോപിച്ചു. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow