വി എസ് അഴിമതിക്കെതിരെ പോരാടിയ വിപ്ലവകാരി: കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി ബേബി
വി എസ് അഴിമതിക്കെതിരെ പോരാടിയ വിപ്ലവകാരി: കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി ബേബി

ഇടുക്കി: എക്കാലവും കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ട അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച വിപ്ലവകാരിയാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റിയംഗവുമായ എന്‍ വി ബേബി. 1977ല്‍ ആരംഭിച്ച സൗഹൃദം നാലര പതിറ്റാണ്ടിനിപ്പുറവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഇടുക്കി ജില്ലയുടെ വികസനത്തിന് അദ്ദേഹം നിരവധി സംഉഭാവനകള്‍ നല്‍കി. കല്ലാര്‍കുട്ടി നിവാസികളുടെ സ്വപ്നമായിരുന്ന കല്ലാര്‍കുട്ടി പാലം 2010ല്‍ 14.5കോടി രൂപ അനുവദിച്ച് യാഥാര്‍ഥ്യമാക്കി. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 45 രൂപയായിരുന്ന കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 500 രൂപയാക്കി ഉയര്‍ത്തിയത് വി എസിന്റെ കാലഘട്ടത്തിലാണ്. കുടുംബശ്രീയുടെ പ്രവര്‍ത്തനം വിപൂലീകരിക്കുകയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് 50% സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. 1988 മുതല്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കരുതെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇതിനെതിരെ 2006ല്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് വീണ്ടും കോടതിയില്‍ വാദിച്ച് അനുകൂല വിധി നേടിയെടുത്ത് 2010ല്‍ 15000 കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ വി എസിന് സാധിച്ചു. സംസ്ഥാനത്ത് ആത്മഹത്യചെയ്ത 50 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50000രൂപ വീതം ധനസഹായം വിതരണം ചെയ്യുകയും അവരുടെ കടം എഴുതി തള്ളുകയും ചെയ്തു. കാര്‍ഷിക കടശ്വാസ കമ്മിഷനെ നിയമിച്ചതും വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. ഇത് സഹകരണ-കാര്‍ഷിക ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ഏറെ ആശ്വസമായിരുന്നു. ഈ കമ്മിഷന്റെ പ്രയോജനം ജില്ലയിലെ കര്‍ഷകര്‍ക്ക് 2020വരെയും മറ്റ് ജില്ലകളിലുള്ളവര്‍ക്ക് 2018വരെയും ലഭിച്ചിരുന്നു. വി എസിന്റെ വേര്‍പാട് ഓരോ മലയാളിക്കും നികത്താനാകാത്ത വിടവാണെന്ന് എന്‍ വി ബേബി പറഞ്ഞു.
What's Your Reaction?






