നിര്‍മലാസിറ്റിയില്‍ സ്വകാര്യ വ്യക്തികള്‍ നടപ്പുവഴി കൈയ്യേറുന്നതായി പരാതി
നിര്‍മലാസിറ്റിയില്‍ സ്വകാര്യ വ്യക്തികള്‍ നടപ്പുവഴി കൈയ്യേറുന്നതായി പരാതി

ഇടുക്കി: കട്ടപ്പന നഗരസഭ നിര്‍മലാസിറ്റിയില്‍ നടപ്പുവഴിയില്‍ സ്വകാര്യ വ്യക്തികളുടെ ഇടപെടല്‍ മൂലം 50 ലധികം കുടുംബങ്ങള്‍ക്ക് യാത്ര ദുരിതം ഉണ്ടാകുന്നതായി പരാതി. മൂന്നടി വീതി യുള്ള നടപ്പുവഴിയില്‍ ഇരുഭാഗത്തും സ്വകാര്യ വ്യക്തികള്‍ വേലികള്‍ സ്ഥാപിച്ചതോടെയാണ് റോഡിന്റെ വീതി ചുരുങ്ങി കാല്‍നടയാത്ര ദുരിതമായിരിക്കുന്നത്. കട്ടപ്പന പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആസ്തി രജിസ്റ്ററില്‍ ചേര്‍ത്ത നടപ്പുവഴിയാണ് നിര്‍മലാസിറ്റി ഉലഹന്നാന്‍ - വെട്ടുകല്ലാംകുഴിപടി റോഡ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പുവഴിയില്‍ ഏതാനും ദൂരത്തില്‍ കോണ്‍ക്രീറ്റും നടകളും നിര്‍മിച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള ഭാഗം മണ്‍വഴിയായി കിടക്കുകയാണ്. ആസ്തി രജിസ്റ്ററില്‍ മൂന്നടി വീതിയാണ് പാതയ്്ക്ക്. കോണ്‍ക്രീറ്റ് കഴിഞ്ഞ മണ്‍ഭാഗത്താണ് ഏതാനും സ്വകാര്യവ്യക്തികള്‍ ഇരുഭാഗം വേലികള്‍ സ്ഥാപിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മണ്ണിടിഞ്ഞും മറ്റുമായി റോഡിന്റെ സ്വാഭാവിക വീതി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ മൂന്നടി വീതിയുണ്ടായിരുന്ന റോഡിന് ഇപ്പോള്‍ ഒന്നര അടി വീതിയായി. കാല്‍നടയാത്രിക്കാര്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം വീട്ടമ്മയും വിദ്യാര്‍ഥിയും തെന്നിവീണ് പരിക്കേറ്റിരുന്നു. തെന്നി വീഴുന്നവര്‍ റോഡരികിലെ ഇരുമ്പ് വേലിയില്‍ ഉരഞ്ഞും ഇടിച്ചുമാണ് പരിക്കേല്‍ക്കുന്നത്. മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതിയിലേക്കുള്ള പാത കൂടിയാണിത്. മഴകാലത്ത് ഇവിടെ കാടുപടലങ്ങള്‍ വളര്‍ന്ന് ഇത് വെട്ടിമാറ്റാന്‍ നാട്ടുകാര്‍ ഇറങ്ങുമ്പോള്‍ സ്വകാര്യ വ്യക്തികള്‍ തടസവാദം ഉന്നയിക്കുന്നുവെന്നും പരാതിയുണ്ട്. രോഗികളെ അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനും സാധിക്കുന്നില്ല. വിഷയത്തില്‍ നഗരസഭ അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുകയും അധികൃതര്‍ റോഡ് സന്ദര്‍ശിക്കുകയും ചെയ്തു. ഇടുങ്ങിയ വഴി മാറ്റി കാല്‍നടയാത്ര ചെയ്യാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
What's Your Reaction?






