റവന്യു വകുപ്പിന്റെ അനാസ്ഥ: പീരുമേട്ടിലെ ബംഗ്ലാവ് കാടുകയറി നശിക്കുന്നു
റവന്യു വകുപ്പിന്റെ അനാസ്ഥ: പീരുമേട്ടിലെ ബംഗ്ലാവ് കാടുകയറി നശിക്കുന്നു

ഇടുക്കി: റവന്യു വകുപ്പിന്റെ അനാസ്ഥയില്‍ പീരുമേട്ടിലെ ചരിത്രസ്മാരകം ഇല്ലാതാകുന്നു. തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിച്ച തഹസില്‍ദാര്‍ മജിസ്‌ട്രേറ്റ് ബംഗ്ലാവാണ് അനാസ്ഥമായത്. കെട്ടിടവും പരിസരവും കാടുകയറി ജീര്‍ണാവസ്ഥയിലായി. 5 വര്‍ഷംമുമ്പ് വരെ ഇവിടെ തഹസില്‍ദാര്‍ താമസിച്ചിരുന്നു. ആറു മുറികളും രണ്ട് ശുചിമുറിയും വിശാലമായ സ്വീകരണമുറിയും അടുക്കളയും സ്റ്റോറും ഉള്‍പ്പെടുന്നതാണ് ബംഗ്ലാവ്. തണുപ്പിനെ പ്രതിരോധിക്കാന്‍ മുറികളില്‍ ഫയര്‍ പ്ലേസുകളുമുണ്ട്. തടിയില്‍ നിര്‍മിച്ചതാണ് മേല്‍ക്കൂര. കൂടാതെ, എല്ലാ മുറികളിലും തറയോടുകളും പതിപ്പിച്ചിരിക്കുന്നു. ബംഗ്ലാവിന്റെ പരിസരത്ത് കുതിരലായവും കാര്‍ ഷെഡും നിര്‍മിച്ചിട്ടുണ്ട്.
സംരക്ഷിക്കാന്‍ ആരുമില്ലാതായതോടെ കെട്ടിടത്തില്‍ കാട്ടുവള്ളികള്‍ കയറി മൂടിക്കഴിഞ്ഞു. മേല്‍ക്കൂരപോലും കാണാനാകില്ല. പരിസരം മുഴുവന്‍ പൊന്തക്കാട് മൂടിയ നിലയിലാണ്. പീരുമേട് സിവില്‍ സ്റ്റേഷനിലെ കാന്റീനിന്റെ പരിസരത്തുകൂടി ബംഗ്ലാവിലെത്താം.
കെട്ടിടത്തിന്റെ മേല്‍ക്കൂരയും കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായി. സാമൂഹിക വിരുദ്ധര്‍ ഇവിടുത്തെ തടികള്‍ കടത്തിക്കൊണ്ടുപോയതായും ആക്ഷേപമുണ്ട്. പൈതൃക മന്ദിരം പീരുമേടിന്റെ ചരിത്ര മ്യൂസിയമാക്കി സംക്ഷരിക്കണമെന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ആവശ്യപ്പെട്ടു.
What's Your Reaction?






