ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ശക്തമായ ഇടപെടലുകള്‍ നടത്തണം: ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ശക്തമായ ഇടപെടലുകള്‍ നടത്തണം: ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ഇടുക്കി: സമുദായ ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. തടിയമ്പാട് സോഷ്യോ എഡ്യുക്കേഷണല്‍ സെന്ററില്‍ ഇടുക്കി രൂപതയുടെ ഏഴാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് നാം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തെരഞ്ഞെടുപ്പുകളില്‍ സജീവമായി പങ്കാളികളാകുന്നതോടൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ ഉതകുംവിധം ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയും പുലര്‍ത്താനും ജനപ്രതിനിധികള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2026ല്‍ സീറോ മലബാര്‍ സഭയില്‍ നടത്തുന്ന സാമുദായിക ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ നേതൃത്വം നല്‍കണമെന്ന് അദ്ദേഹം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. സമുദായ ശക്തീകരണം ഇടുക്കി രൂപതയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി പാല സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രൊഫസര്‍ ഡോ. അലക്‌സ് ജോര്‍ജ് ക്ലാസ് നയിച്ചു. വന്യജീവി ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കുക, ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കുക, ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ തടസപ്പെടാതിരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നീ വിഷയങ്ങളില്‍ യഥാക്രമം സിബി വലിയമറ്റം, ടോമി കണ്ടത്തില്‍, നോബിള്‍ വലിയമറ്റം എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് കോയിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, സെസില്‍ ജോസ്, സാം സണ്ണി, ഷേര്‍ളി ജൂഡി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?