ആലിന്‍ചുവട് - ഇടുക്കി മെഡിക്കല്‍ കോളേജ് റോഡ് പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍
ആലിന്‍ചുവട് - ഇടുക്കി മെഡിക്കല്‍ കോളേജ് റോഡ് പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: ആലിന്‍ചുവട് വിദ്യാധിരാജ സ്‌കൂള്‍ വഴി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കുള്ള റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് നാട്ടുകാര്‍. കട്ടപ്പന ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ചെറുതോണി ടൗണിലെ തിരക്ക് ഒഴിവാക്കി മെഡിക്കല്‍ കോളേജിലേക്ക് എത്താന്‍ സാധിക്കും. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണകാലത്ത് വന്‍ മാക്ട്രക്കുകള്‍ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന ഈ റോഡ് പരിപാലനമില്ലാതായതോടെയാണ് കാടുകയറിയ നിലയിലാണ്. ചെറുതോണി പുഴയ്ക്കുകുറുകെ മുമ്പ് ഉണ്ടായിരുന്ന പാലം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചെന്നും പ്രദേശവാസികള്‍ ചൂണ്ടികാണിക്കുന്നു. ഡാം തുറന്നുവിടുന്ന വേളയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് പഴയ പാലം തകര്‍ന്നതെന്നാണ് വിവരം. അണക്കെട്ട് ഭാഗത്ത് പുതിയ പാലം നിര്‍മിച്ച് റോഡ് പുനര്‍നിര്‍മിച്ചാല്‍ മെഡിക്കല്‍ കോളേജിലേക്ക് എത്താന്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം ലാഭിക്കാനാകും. കൂടാതെ ചെറുതോണിയിലെ ഗതാഗത തിരക്ക്, കുത്തുകയറ്റം, മഴക്കാലങ്ങളിലുള്ള മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ് ഈ പദ്ധതിക്കായി ആശയം മുന്നോട്ടുവച്ചിരുന്നെങ്കിലും പിന്നീട് അധികാരത്തിലെത്തിയവര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും വിമര്‍ശമനമുണ്ട്. പാത യാഥാര്‍ത്ഥ്യമായാല്‍ ചെറുതോണി പുഴയുടെ മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാനായി വിനോദസഞ്ചാരികള്‍ക്കും ഇതുവഴി എത്താന്‍ സാധിക്കും. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വേഗത്തിലെത്താനും പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും പിന്തുണ ലഭിക്കുമെന്നുമാണ് വിലയിരുത്തല്‍.
What's Your Reaction?